അമ്മ ഒരു ഉദാഹരണം പറയാം. ഒരു വീട്ടില്‍ ആകെയുള്ളത് അച്ഛനും അമ്മയും മകനും ആണ്. അച്ഛന്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥന്‍. അമ്മ ഒരു സാമൂഹ്യപ്രവര്‍ത്തകയും. കോളേജില്‍ പഠിക്കുന്ന മകനാകട്ടെ ക്രിക്കറ്റെന്നുവച്ചാല്‍ ജീവനാണ്. അവര്‍ക്ക് യാത്ര ചെയ്യുവാന്‍ ഒരു കാറുമുണ്ട്.
ഒരുദിവസം വൈകുന്നേരം അച്ഛന് ഒരു മീറ്റിങ്ങിനു പോകണം.
അദ്ദേഹം കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന സമയം ഭാര്യ എത്തി. അവര്‍ക്ക് അപ്പോള്‍ ഒരു കല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. അതുകേട്ടുകൊണ്ടു മകനും അവിടെ വന്നു. മകന്‍ പറഞ്ഞു, ”ഇന്ന് ക്രിക്കറ്റ് കളിയുണ്ട്, അവിടെപ്പോകാന്‍ എനിക്കുവേണം കാര്.” അങ്ങനെ മൂന്നുപേരും തമ്മില്‍ വാക്കുതര്‍ക്കമായി, ഒച്ചയായി, ബഹളമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകുവാനായില്ല.
അവസാനം തമ്മില്‍ വഴക്കടിച്ചതു മിച്ചമായി. അതേസമയം മൂന്നുപേരും യോജിപ്പോടെ നിന്നിരുന്നുവെങ്കില്‍ ഈ വഴക്കിന്റെ കാര്യമുണ്ടായിരുന്നില്ല. മൂന്നുപേര്‍ക്കും അവരവരുടെ സ്ഥലത്തു കാറില്‍തന്നെപോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്യാണസ്ഥലത്തിറക്കാം. മകനെ കളിസ്ഥലത്തു വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. എന്നാല്‍ ‘ ഞാന്‍, ഞാന്‍’ എന്ന ഭാവം കാരണം മൂന്നുപേരുടെയും പരിപാടികള്‍ മുടങ്ങി.
യോജിപ്പോടെ നില്‍ക്കേണ്ടവര്‍ തമ്മില്‍ വെറുപ്പും വിദേ്വഷവുമായി. നമ്മുടെ ജീവിതംതന്നെ മക്കള്‍ ഒന്നു നോക്കൂ. ഉള്ള സമയം മുഴുവന്‍ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു തമ്മില്‍ വഴക്കിട്ടു തീര്‍ക്കുകയല്ലേ.
















