ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോള്‍തന്നെ ചെയ്തു തീര്‍ക്കണം. ഇപ്പോള്‍ അനുഭവിക്കേണ്ട കാര്യങ്ങള്‍ അനുഭവിക്കുകയും വേണം. ഇതെല്ലാം നിങ്ങളുടെ കര്‍മ്മമാണ്. രോഗമാണെങ്കിലും, ദാരിദ്ര്യമാണെങ്കിലും, അതിലൂടെ കടന്നുപോകാനുള്ള കരുത്താണ് ആര്‍ജ്ജിക്കേണ്ടത്. ആ ആര്‍ജ്ജവമാണ് ആനന്ദകരമായ ജീവിതത്തിലേക്കുള്ള വഴി.
രോഗിയായി കിടക്കുന്ന മകനെ കാണുമ്പോള്‍, രോഗമില്ലാത്ത അവന്റെ കൂട്ടുകാരനെ താരതമ്യം ചെയ്ത് വിലപിക്കരുത്. മകന്റെ അവസ്ഥ അവന്‍ അനുഭവിക്കേണ്ട കര്‍മ്മവും, അവനെ ശുശ്രൂഷിക്കുന്നത് നിങ്ങളുടെ കര്‍മ്മവുമാണ്. ഇതിനെ പ്രാരബ്ധകര്‍മ്മം എന്നാണ് പറയുന്നത്. ഇത് അനുഭവിച്ചേ മതിയാകൂ.
ഒരു കാര്യം ശ്രദ്ധിക്കുക! ജീവിതത്തില്‍ അത്ര കഠിനമായ കാര്യങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ജീവിതത്തിലുണ്ടാകൂ. ഇനി, അതിനുമാത്രം പ്രശ്‌നങ്ങളുണ്ടെങ്കില്‍, നിങ്ങളില്‍ത്തന്നെയുള്ള സ്‌നേഹവും ബലവും മാത്രം മതി അതിനെ ഇല്ലാതാക്കാന്‍. അതാണ് ഈശ്വരന്റെ സംരക്ഷണം. അതുകൊണ്ട് സ്‌നേഹവും ശക്തിയും നഷ്ടപ്പെടാതെ നോക്കുക. ധ്യാനവും യോഗയും പ്രാര്‍ത്ഥനയും നിങ്ങളെ അതിനു സഹായിക്കും
















