അനന്തരൂപോ ജീവാത്മാ തിഗ്മതേജാഃ സ്വയംഭവഃ
കാലാതീതോ യുഗദ്ധ്യക്ഷോ ഗുരുവായു പുരേശ്വരഃ
954. ഗുരുവായൂപുരേശ്വരഃ – ഗുരവായൂരപ്പന്‍ ദേവഗുരുവായ ബൃഹത്‌സ്പതിയും ജഗത്പ്രാണയായ വായുവും ചേര്‍ന്നാണ് ഗുരുവായൂരമ്പലത്തില്‍ ഭഗവാനെ പ്രതിഷ്ഠിച്ചതെന്നും അവരുടെ നിത്യസാന്നിദ്ധ്യംകൊണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിക്ക് ഗുരുവിന്റെയും വായുവിന്റെ ഊര് എന്ന അര്‍ത്ഥത്തില്‍ ഗുരുവായൂര്‍ എന്ന പേരുണ്ടായി എന്നും ഐതിഹ്യം. ഗുരുവായൂര്‍ എന്നതിന്റെ നാമാന്തരമാണ് ഗുരുവായൂപുരം. ഗുരുവായൂരില്‍ വിരാജിക്കുന്ന ഈശ്വരന്‍ ഗുരുവായൂര്‍പുരേശ്വരന്‍. ഗുരുവായൂപുരേശ്വരന്‍ മഹാവിഷ്ണുവാണെങ്കിലും ഭക്തരില്‍ അധികംപേരും ഉണ്ണിക്കണ്ണനായാണു ഭഗവാനെ കരുതുന്നത്.
ഗുരുവായ വായുപുരത്തിന് അധീശ്വരന്‍ എന്നും വ്യാഖ്യാനിക്കാം. ഇങ്ങനെ പദം പിരിക്കുമ്പോള്‍ ഗുരു എന്ന പദത്തിന് ശ്രേഷ്ഠമായത് എന്നര്‍ത്ഥം. വായുപുരം പഞ്ചപ്രാണന്മാരുടെ അധിവാസ സ്ഥാനമായ ശരീരം. പഞ്ചഭൂതങ്ങളില്‍ ഒന്നും ജഗത് പ്രാണനുമായ വായു ശ്രേഷ്ഠമായ മനുഷ്യശരീരത്തില്‍ അഞ്ചായി പിരിഞ്ഞ് അഞ്ചുതരത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നിവയാണു പഞ്ചപ്രാണന്മാരുടെ പേരുകള്‍.
ഓരോ പ്രാണന്റെയും പ്രവര്‍ത്തനത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1. പ്രാണം ഹൃദയത്തില്‍ സ്ഥിതിചെയ്ത് ശ്വാസകോശങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും ഭക്ഷണത്തെ ശരീരത്തിലേയ്‌ക്കു കടത്തിവിടുകയും ചെയ്യുന്നു. 2. അപാനന്‍- ഗുദത്തില്‍ സ്ഥിതിചെയ്ത് ഭക്ഷണത്തില്‍കൂടി ഉള്ളില്‍ കടന്നവയില്‍ ശരീരത്തിന് ആവശ്യമില്ലാത്തവയെ മലമൂത്രങ്ങളായി വിസര്‍ജിക്കുന്നു. 3. സമാനന്‍ – നാഭിയില്‍ സ്ഥിതിചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് അവയില്‍ ശരീരത്തിനാവശ്യമുള്ള സത്ത് ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്നു. 4. ഉദാനന്‍- കണ്ഠത്തില്‍ സ്ഥിതിചെയ്ത് ശ്വാസകോശത്തില്‍നിന്നു പുറത്തുവരുന്ന വായുവിനെ ഉപയോഗിച്ച് സംഭാഷണ ശക്തി ഉണ്ടാക്കുന്നു. 5. വ്യാനന്‍- ശരീരമാകെ വ്യാപിച്ച് ശരീരപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന നാഡീസമൂഹത്തിന്റെ പ്രവര്‍ത്തനം, ശരീരത്തിന്റെ രൂപഘടന നിലനിറുത്തല്‍, ഓരോ അവയവത്തെയും കോശത്തെയും സംരക്ഷിക്കല്‍, കണ്ണടയ്‌ക്കലും തുറക്കലും, വായുമാര്‍ഗ്ഗം തടസ്സം കൂടാതെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി ചുമ, തുമ്മല്‍, കോട്ടുവാ തുടങ്ങിയവ ഉണ്ടാക്കുക തുടങ്ങിയവ വൃാനന്‍ നിര്‍വഹിക്കുന്നു. ജീവന്‍ പോയാലും കുറച്ചുനേരം വൃാനന്‍ ശരീരത്തിലുണ്ടാകുമത്രേ.
ഗുരുവായുപുരമായ ശരീരത്തെ പ്രപഞ്ചത്തിന്റെ ശരിപകര്‍പ്പായി ‘ പിണ്ഡാണ്ഡനം’ എന്ന 944-ാം നാമത്തില്‍ നാം കണ്ടു. ആ ശരീരത്തെ ജീവാത്മരൂപത്തില്‍ സംരക്ഷിക്കുന്നതിനാലും ഗുരുവായൂരപ്പന് ഗുരുവായൂ പുരേശ്വരന്‍ എന്നു നാമം.
തുടരും
















