പോര്‍ട്ട് ഓഫ് സ്പെയിന്: ക്രിക്കറ്റ് ലോകം സാകൂതം വീക്ഷിച്ച ഒരു സംഘര്‍ഷം അവസാനിക്കാന്‍ പോകുന്നതായി സൂചന. ശമ്പള പ്രശ്നത്തിന്റെ പേരില്‍ ഇടഞ്ഞുനിന്ന കളിക്കാരും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ സമവായത്തിലെത്തിയെന്ന് ഒരു കരീബിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങളെല്ലാം വിചാരിച്ചപോലെയായാല് ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സുഗമമായി നടക്കുമെന്ന് കരുതപ്പെടുന്നു.
ഒരാഴ്ച്ചയിലേറെയായി ചേര്‍ന്ന വിവിധ യോഗങ്ങളാണ് വിന്‍ഡീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള വഴിമരുന്നിട്ടത്. പുതിയ ധാരണയനുസരിച്ച് താരങ്ങളുടെ കരാറില്‍ ചിലഭേദഗതികള് വരുത്തും. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും അതിലേക്കായി കൂടിയാലോചിക്കും. ശമ്പളക്കാര്യത്തില്‍ താരങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കും.
ബിസിസിഐ ഉയര്‍ത്തിയ 41.97 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാര പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ വിന്‍ഡീസ് നിയോഗിച്ചതായും അറിയുന്നു. സമവായ ശ്രമങ്ങളില്‍ താരങ്ങളെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയും ദിനേഷ് രാംദിനും പങ്കെടുത്തു. ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ കളിക്കാരെ ബലിയാടാക്കില്ല എന്ന നിബന്ധന മുന്നില്വച്ചശേഷമായിരുന്നു ബ്രാവോയും രാംദിനും യോഗങ്ങള്ക്കെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
















