ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകന് നേരെ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ കൈയേറ്റ ശ്രമം. ഹരിയാനയിലെ ഭൂമി കുംഭകോണത്തെക്കുറിച്ച് ചോദിച്ചതാണ് വാദ്രയെ ചൊടിപ്പിച്ചത്. ദല്‍ഹിയിലെ അശോക ഹോട്ടലില്‍ വാദ്ര ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മൈക്ക് തട്ടിമാറ്റിയശേഷം പിടിച്ചുതള്ളുകയായിരുന്നു. ക്യാമറ ഓഫ് ചെയ്യൂ, നിനക്ക് ഭ്രാന്തുണ്ടോയെന്നും വാദ്ര ആക്രോശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോട് ക്യാമറ വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കാനും വാദ്ര ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വാദ്ര നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചതു സംബന്ധിച്ചായിരുന്നു ലേഖകന്റെ ചോദ്യം. ഇടപാടില്‍ എന്തു തെറ്റുണ്ടെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിച്ച് കലിപൂണ്ട വാദ്രയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൂട്ടികൊണ്ടുപോയി. ചോദ്യം നീതിപൂര്‍വ്വമാണോയെന്നും വാദ്ര ഉച്ചത്തില്‍ ആരായുന്നുണ്ടായിരുന്നു.
വാദ്രയുടെ നടപടിയില്‍ എഎന്‍ഐ അടക്കമുള്ള മാധ്യമങ്ങള്‍ നടുക്കം പ്രകടിപ്പിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. പരാതിപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹരിയാനയിലെ ഭൂമിയിടപാടിലൂടെ റോബര്‍ട്ട് വാദ്രയ്‌ക്ക് 44 കോടി രൂപയോളം ലാഭമുണ്ടായെന്ന് സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമലംഘനത്തിന് കൂട്ടുനിന്നതായും സിഎജി കണ്ടെത്തി. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനെന്ന പേരില്‍ ഗുഡ്ഗാവില്‍ കുറഞ്ഞവിലയ്‌ക്ക് ഭൂമി സ്വന്തമാക്കിയ വാദ്ര അത് ഡിഎല്‍എഫിന് മറിച്ചുവിറ്റാണ് കൊള്ളലാഭം കൊയ്തത്. ഈ സാഹചര്യത്തില്‍ വാദ്രയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തീരുമാനമെടുത്തിരുന്നു.
















