ന്യൂദല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. ബാങ്കില്‍ നിന്നും തട്ടിപ്പിനെക്കുറിച്ചുള്ള ചില സുപ്രധാന തെളിവുകള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി നിയമങ്ങള്‍ ഇവര്‍ പാലിച്ചിട്ടില്ലെന്ന് സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ രാജ്യമൊട്ടാകെ ഇവര്‍ക്ക് ഏതു തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കും. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ആര്‍ബിഐ ഉേദ്യാഗസ്ഥരില്‍ നിന്ന് വിശദീകരണം തേടും. ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ എന്തെല്ലാം തന്ത്രങ്ങളാണ് പയറ്റിയതെന്നും അന്വേഷിക്കും.
സെബി അനുശാസിക്കുന്ന നിയമങ്ങള്‍ ഇവര്‍ പാലിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. സുദിപ്ത സെന്‍, ദേബ്ജാനി മുഖര്‍ജി, കുനാല്‍ ഘോഷ് എന്നിവരെ പ്രതി ചേര്‍ത്ത് 25 പേജുള്ള കുറ്റപത്രം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ശാരദാ ചിട്ടി സ്ഥാപകനായ സുദീപ് സെന്നിന്റെ ഒപ്പം പ്രവര്‍ത്തിച്ച കുനാല്‍ ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സസ്പെന്റ് ചെയ്യപ്പെട്ട രാജ്യസഭാ എംപിയാണ്.
ശാരദാ തട്ടിപ്പ് സംഭവവുമായി ബന്ധപ്പെട്ട് ഏറെ തന്ത്രപരമായ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ രാജ്യമൊട്ടാകെ നിക്ഷേപകരില്‍ നിന്നും വന്‍ തോതില്‍ ഫണ്ട് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ശാരദാ ടൂര്‍സ് ആന്റ് ട്രാവല്‍സ്, ശാരദാ ഗാര്‍ഡന്‍സ്, ശാരദാ റിയാലിറ്റി, ശാരദാ കണ്‍സ്ട്രക്ഷന്‍സ്, സ്ട്രാറ്റജിക് മീഡിയ എന്നിങ്ങനെയുള്ള അഞ്ച് കമ്പനികളാണ് ഇതിന് കീഴിലുള്ളത്. ഇവയെല്ലാം കുനാല്‍ ഘോഷാണ് നടത്തിയിരുന്നതെന്ന് ചാര്‍ജ്ഷീറ്റില്‍ പറയുന്നു.
1978ലെ ക്രിമിനല്‍ കുറ്റനിയമത്തിലെ നാലും ആറും വകുപ്പുകളനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
















