ന്യൂദല്‍ഹി: നാലുമണിക്കൂര്‍ നീണ്ട യോഗം ആരംഭിക്കുംമുമ്പ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സഹപ്രവര്‍ത്തകരോട് ചോദിച്ചു. നമ്മുടെ പാര്‍ട്ടി എങ്ങനെ തെരഞ്ഞെടുപ്പില്‍ തോറ്റു? സന്ദേശമെന്ന സിനിമയിലെ മലയാളി ഏറെചിരിച്ച രംഗത്തിന്റെ പുനരാവിഷ്ക്കാരമായിരുന്നു രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ന്ന ഉന്നത നേതാക്കളുടെ ആ യോഗത്തില്‍ പിന്നീടു നടന്നത്.
നമ്മുടെ പാര്‍ട്ടിക്കു നല്ല ശക്തനായ ഒരു നേതാവില്ല, പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ല, സാധാരണക്കാരുടെ ഒപ്പം പാര്‍ട്ടി നില്ക്കുന്നില്ല എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുകേട്ടു. വ്യാഴാഴ്ച വൈകിട്ടാണ് തെരഞ്ഞെടുപ്പ് തോല്വിയേപ്പറ്റി അവലോകനം നടത്തുന്നതിനായി രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം കൂടിയത്. രാഹുലിന്റെ ഉപദേശക സംഘത്തിലെ പ്രധാനികളായ ജയറാം രമേശ്, മീനാക്ഷി നടരാജന്, സച്ചിന് പൈലറ്റ് എന്നിവര്‍ക്കു പുറമേ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, അംബികാ സോണി, മണി ശങ്കര്‍ അയ്യര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ തുടര്‍ച്ചയായ തോല്‍വികളുടെ കാരണമായിരുന്നു രാഹുല്‍ ഗാന്ധിക്കറിയേണ്ടിയിരുന്നത്. ഭരണപക്ഷ പാര്‍ട്ടിയില്‍ നിന്നുയരുന്ന പലവിധമായ വെല്ലുവിളികളെങ്ങനെ നേരിടാനാകുമെന്നും രാഹുല്‍ ഗാന്ധി നേതാക്കളോട് ചോദിച്ചു. ശക്തനായ നേതാവിന്റെ അഭാവമാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് യുപിഎ മന്ത്രിസഭയിലെ അംഗമായിരുന്ന ഒരു നേതാവ് പറഞ്ഞപ്പോള്‍ ബൂത്തുതല പ്രവര്‍ത്തകര്‍ അനുഭാവികളോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടാതിരിക്കുന്നതിന് എന്തു ന്യായമാണുള്ളതെന്നായിരുന്നു മുതിര്‍ന്ന മറ്റൊരു നേതാവിന്റെ മറുപടി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തത്വശാസ്ത്രത്തേപ്പറ്റി ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കണമെന്നും മതേതരത്വം സമഗ്രവളര്‍ച്ച എന്നിവയേപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും മിക്ക നേതാക്കളും യോഗത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്കി കേഡര്‍ സംവിധാനത്തിലുള്ള ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് രൂപമാറ്റം നടത്തണമെന്നും ഒരു നേതാവ് ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് കൂടുതല്‍ സാമൂഹ്യ കടമകള്‍ നിര്‍വഹിച്ചുകൊണ്ട് ജനങ്ങളുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് നിലകൊണ്ട പോലെ സൗജന്യവിദ്യാഭ്യാസം, സാമൂഹ്യസേവനം, ശുചിത്വം എന്നിവ സമീപവാസികള്‍ക്ക് സാധ്യമാക്കണമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍ഗാന്ധിയെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍ സര്‍ദാര്‍ പട്ടേലിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്രുവിനെയും എന്‍ഡിഎ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ ഭാഗമാക്കി തീരുമാനമുള്‍പ്പെടെ പുറത്തുവരുമ്പോള്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തതയില്ല. നെഹ്രുവിന്റെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 14 മുതല്‍ അഞ്ചു ദിവസം എല്ലാ സ്കൂളുകളിലും നെഹ്രുവിന്റെ സന്ദേശങ്ങളും ശുചിത്വസന്ദേശങ്ങളും നല്കാന് എംപിമാരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















