ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ധനക്കമ്മി കുറയ്‌ക്കാനും പദ്ധതിയേതരച്ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയേതരച്ചെലവ് പത്തു ശതമാനമെങ്കിലും കുറയ്‌ക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ജോലിയുടെ ഭാഗമായി വിദേശ യാത്രകള്‍ പോകുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഫസ്റ്റ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ യാത്ര ചെയ്യണമെന്നതാണ് ഒരു നിര്‍ദേശം. കഴിയുന്നത്ര വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അതു സാധ്യമല്ലാത്ത അവസരങ്ങളില്‍ മാത്രം യാത്രയ്‌ക്ക് തുനിയുക.
യോഗങ്ങളും കോണ്‍ഫറന്‍സുകളും സെമിനാറുകളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നടത്തുന്നതും വിലക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത പുതിയ നിയമനങ്ങളും ഒരു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതും തത്കാലത്തേക്ക് മരവിപ്പിച്ചു. പ്രതിരോധ സേനകള്‍ക്കും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ഒഴികെ മറ്റ് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും വ്യവസ്ഥകളില്‍ ഇളവു നല്‍കി ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളുടേയും കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന സംസ്ഥാന പദ്ധതികളുടേയും ചെലവുകള്‍ എല്ലാ മാസവും കൃത്യമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നല്‍കണം.
കരാറുകാര്‍ക്ക് കൃത്യമായ വ്യവസ്ഥകളോടെ പണം മുന്‍കൂറായി നല്‍കണം. അതുവഴി നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കാം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കാനും ചെലവു ചുരുക്കാനുമാണ് ഈ നടപടികള്‍, ധനമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
2016നകം ധനക്കമ്മി മൂന്നു ശതമാനത്തിലേക്ക് കുറയ്‌ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. 2011ല്‍ സാമ്പത്തിക കമ്മി 5.7 ശതമാനമായിരുന്നു. ഈ വര്‍ഷം അത് നാലര ശതമാനമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
















