മുംബൈ: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആദ്യ മത്സരത്തില്‍ തുടക്കം തോല്‍വിയോടെ. ഇന്ത്യ എ ടീമിനെതിരായ ഏകദിനത്തില്‍ 88 റണ്‍സിനാണ് ശ്രീലങ്കന്‍ ടീം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ ടീമിന് 9 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെയും (142), മനീഷ് പാണ്ഡെയുടെയും (135) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് 382 റണ്‍സ് അടിച്ചുകൂട്ടിയത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ രോഹിത് തുടക്കം മുതലേ തകര്‍പ്പന്‍ ഫോമിലായിരുന്നു. 111 പന്തില്‍ നിന്ന് 18 ഫോറും ഒരു സിക്‌സറുമടങ്ങിയതാണ് രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സ്. 113 പന്തില്‍ നിന്ന് 15 ഫോറും ഒരു സിക്‌സറുമടക്കമാണ് മനീഷ് പാണ്ഡെ 135 റണ്‍സെടുത്തത്. ഇരുവര്‍ക്കും പുറമെ ഉന്മുക്ത് ചന്ദ് (54), മനോജ് തിവാരി (36) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കക്ക് വേണ്ടി ധമനിക പ്രസാദ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ ടീമില്‍ 76 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ടോപ് സ്‌കോറര്‍. സംഗക്കാര 34ഉം ജയവര്‍ദ്ധനെ 33ഉം റണ്‍സ് എടുത്തു. മറ്റുള്ളവര്‍ക്കൊന്നും മികച്ച ബാറ്റിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിയാതിരുന്നതോടെ ശ്രീലങ്കന്‍ സ്‌കോര്‍ 50 ഓവറില്‍ 9 വിക്കറ്റിന് 294 റണ്‍സിലൊതുങ്ങി. ഇന്ത്യക്ക് വേണ്ടി കരണ്‍ ശര്‍മ്മ നാലും ധവാല്‍ കുല്‍ക്കര്‍ണിയും പര്‍വേസ് റസൂലും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.
അഞ്ച് ഏകദിനങ്ങളുടെ പരമ്പരക്കായാണ് ശ്രീലങ്ക ഇന്ത്യയിലെത്തിയിട്ടുള്ളത്. ശമ്പളപ്രശ്‌നത്തെ തുടര്‍ന്ന് വിന്‍ഡീസ് ടീം പകുതിവഴിക്ക് പരമ്പര ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീലങ്കയെ പരമ്പരക്കായി ക്ഷണിച്ചത്. പരമ്പരയിലെ ആദ്യ മത്സരം രണ്ടിന് കട്ടക്കില്‍ അരങ്ങേറും.
















