ന്യൂദല്‍ഹി: എറണാകുളം ജില്ലയിലെ പൂത്തോട്ട എസ്എന്‍ഡിപി യോഗത്തിന് കീഴിലുള്ള പുത്തന്‍കാവ് ‘ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്ക കേസില്‍ എസ്എന്‍ഡിപി യോഗത്തിന അനുകൂലമായി സുപ്രീംകോടതി വിധി.
ക്ഷേത്രത്തിലെ മുന്‍ പൂജാരി ചേന്നന്‍ പണിക്കരുടെ അവകാശികള്‍ക്ക് ഒന്നര ഏക്കര്‍ ഭൂമിയില്‍ കുടികിടപ്പാവകാശം നല്‍കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ക്ഷേത്രത്തിന്റെ ഒന്നര ഏക്കര്‍ ഭൂമിയിലും മറ്റൊരു 69 സെന്റ് ഭൂമിയിലും പൂജാരിയായിരുന്നവര്‍ കുടികിടപ്പവകാശം ഉന്നയിച്ചതാണ് കേസിനാസ്പദമായ സംഭവം.
ലാന്‍ഡ് ട്രിബ്യൂണല്‍ 1991ല്‍ ഒന്നര ഏക്കര്‍ ഭൂമിയില്‍ ചേന്നന്‍ പണിക്കരുടെ അവകാശികള്‍ക്കുള്ള അവകാശം ശരിവച്ചിരുന്നു. 1998ല്‍ സിവില്‍ കോടതിയും ലാന്റ് ട്രിബ്യൂണല്‍ ഉത്തരവ് ശരിയെന്നു വിധിച്ചു. ഇതിനെതിരെ എസ്എന്‍ഡിപി യോഗം ഹൈക്കോടതിയെ സമീപിക്കുകയും ക്ഷേത്രഭൂമി ആയതിനാല്‍ ഭൂമി ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച ഹൈക്കോടതി 2008 ജനുവരിയില്‍ കീഴ്‌ക്കോടതി വിധികള്‍ റദ്ദാക്കി. ഇതിനെതിരെയാണ് അവകാശികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
പൂജാരിയായ ചേന്നന്‍ പണിക്കരെ ക്ഷേത്രത്തിന്റെ മാനേജരായി കണ്ട് ജീവനക്കാരനെന്ന നിലയിലാണ് താമസം അനുവദിച്ചതെന്ന കീഴ്‌ക്കോടതി വിധികളിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, രോഹിങ്ടണ്‍ നരിമാന്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഹൈക്കോടതി വിധി ശരിവച്ചത്. എസ്എന്‍ഡിപിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയും നിഷെ രാജന്‍ ശങ്കറും അവകാശികള്‍ക്ക് വേണ്ടി അഡ്വ.എം ടി ജോര്‍ജും ഹാജരായി.
















