ധാക്ക : ബംഗ്ലാദേശിലെ ജമാഅത്തെ നേതാവ് മോതിയൂര്‍ മുഹമ്മദ് നിസാമിയെ ബംഗ്ലാദേശ് പ്രത്യേക കോടതി വധശിക്ഷക്കു വിധിച്ചു. 1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ കൂട്ടക്കൊലയ്‌ക്ക് കൂട്ടുനിന്നെന്ന കുറ്റത്തിനാണ് മൂന്നംഗ ബഞ്ച് വധശിക്ഷ നല്‍കിയത്.72 കാരനാണ് നിസാമി.
കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. കോടതി വിധിയെ അപലപിച്ച ജമാഅെത്ത ഇസ്ലാമി ഇന്നലെയും, ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
യുദ്ധ കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന രണ്ട് പ്രത്യേക കോടതികള്‍ ആരംഭിച്ചിരുന്നു. 1971ലെ കൂട്ടക്കൊലയില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ജമാ അത്തെ നേതാവിനെ ഇതിനു മുമ്പ് വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.
70ല്‍ അധികം ആളുകളെ പീഡിപ്പിക്കുകയും 450പേരെ കൊലപ്പെടുത്തുകയും ചെയ്‌തെന്നതാണ് നിസാമിക്കെതിരെയുള്ള കുറ്റം. കൂടാതെ ഹിന്ദു ക്ഷേത്രമായ ശാന്തിയ ഉപാസിലയുടെ മുമ്പില്‍ ഒട്ടനവധി ആളുകളെ കൂട്ടക്കൊല നടത്തിയതായും നിസാമിക്കെതിരായ കുറ്റപത്രത്തിലുണ്ട്.
നിസാമി ഭീകര സംഘടനയായ അല്‍-ബദറിന്റെ ഉന്നതനേതൃത്വ സ്ഥാനം വഹിച്ചിരുന്നതായും വിചാരണ വേളയില്‍ ബംഗ്ലാദേശ് കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യ സമര സേനാനികള്‍ മോതിയുര്‍ റഹ്മാന്റെ വധശിക്ഷയെ അനുകൂലിച്ചുകൊണ്ട് പൊതു നിരത്തില്‍ ആഘോഷം നടത്തി.
















