ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള സൂപ്പര്‍പോരാട്ടം തുല്യതയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം േനടി. ഇഞ്ചുറി സമയത്ത് റോബിന് വാന്‍ പെഴ്സി നേടിയ ഗോളാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. ചെല്‍സിക്കായി ഗോള്‍ നേടിയത് വെറ്ററന്‍ താരം ദിദിയര്‍ ദ്രോഗ്ബയാണ്.
മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും കൂടുതല്‍ തവണ ഷോട്ടുകള്‍ ഉതിര്‍ത്തതും യുണൈറ്റഡായിരുന്നു. യുണൈറ്റ് താരങ്ങള്‍ മത്സരത്തിലുടനീളമായി പായിച്ച 19 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ചെല്‍സിയന്‍ ഗോളി കൊര്ട്ടോയിസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. വെയ്ന്‍ റൂണിയുടെ അഭാവവും യുണൈറ്റഡ് നിരയില്‍ നിഴലിച്ചു നിന്നു. മാത്രമല്ല റോബിന് വാന്‍ പെഴ്സിക്ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞതുമില്ല. അതേസമയം ചെല്‍സിക്ക് നാല് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്.
ആദ്യപകുതിയില്‍ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഏയ്ഞ്ചല്‍ ഡി മരിയ യുണൈറ്റഡിന് വേണ്ടിയും ഓസ്കര് ചെല്‍സിക്കുവേണ്ടിയും കളം നിറഞ്ഞുകളിച്ചതോടെ ഓള്‍ഡ് ട്രാേഫാര്ഡില് തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മികച്ച ഫുട്ബോളാണ് കാണാന്‍ കഴിഞ്ഞത്. 22, 23 മിനിറ്റുകളില്‍ റോബിന് വാന്‍പെഴ്സിയുടെ രണ്ട് ശ്രമങ്ങള്‍ ചെല്‍സി ഗോളി വിഫലമാക്കി. 41-ാം മിനിറ്റില്‍ ചെല്‍സിയുടെ വെറ്ററന്‍ താരം ദിദിയര്‍ ദ്രോഗ്ബയുടെ ഒരു ശ്രമം യുണൈറ്റഡ് ഗോളിയും രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെല്‍സിയന്‍ മുന്നേറ്റമായിരുന്നു കണ്ടത്. 52-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡിന്റെ ഒരു ഷോട്ട് യുണൈറ്റഡ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. സെസ് ഫാബ്രിഗസ് എടുത്ത കോര്‍ണര്‍ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ദിദിയര്‍ ദ്രോഗ്ബ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ പന്ത് യുണൈറ്റഡ് വലയിലെത്തിച്ചു. ലീഡ് വഴങ്ങിയ യുണൈറ്റഡ് പിന്നീട് കനത്ത മുന്നേറ്റങ്ങളാണ് ചെല്‍സിയന്‍ ബോക്സിലേക്ക് നയിച്ചത്. എന്നാല്‍ ടെറിയും കാഹിലും ഉള്‍പ്പെട്ടെ ചെല്‍സിയന്‍ പ്രതിരോധം യുണൈറ്റഡ് മുന്നേറ്റനിരക്ക് കൂച്ചുവിലങ്ങിട്ടതോടെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. ഒടുവില്‍ ചെല്‍സി മത്സരം ജയിച്ചുവെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് സമനില ഗോള്‍ പിറന്നത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ ക്രോസ് ഫെല്ലാനി പോസ്റ്റിലേക്ക് തിരിച്ചുവിട്ടത് ചെല്‍സിയന്‍ ഗോള്‍കീപ്പര്‍ കുത്തിയകറ്റി. എന്നാല്‍ കാത്തുനിന്ന റോബിന് വാന്‍പെഴ്സി ഇത്തവണ അവസരം പാഴാക്കിയില്ല. പന്ത് കിട്ടിയ വാന്‍പെഴ്സി ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ചെല്‍സിയന്‍ വലയില്‍ കയറിയതോടെ പോരാട്ടം സമനിലയിലായി. സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും 9 കളികളില്‍ നിന്ന് 23 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം 13 പോയിന്റുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.
മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് ടോട്ടനത്തിനെയും എവര്ട്ടണ് 3-1ന് ബേണ്‍ലിയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: