ബേലൂര്‍ മഠത്തിന്റെ ഉന്നം ആണുങ്ങളെ വാര്‍ത്തെടുക്കലാണ്, ഇതാണ് ഓര്‍ക്കേണ്ട അടുത്ത സംഗതി. ഋഷിമാര്‍ പഠിപ്പിച്ചതു പഠിച്ചാല്‍ മാത്രം പോരാ. ആ ഋഷിമാരെല്ലാം പോയിരിക്കയാണ്; അവരോടൊപ്പം അവരുടെ അഭിപ്രായങ്ങളും. നിങ്ങള്‍ സ്വയം ഋഷിമാരാകണം. ഉണ്ടായിട്ടുള്ള ആണുങ്ങളില്‍വെച്ചു ഉത്തമന്മാരെപ്പോലെ നമ്മുടെ അവതാരപുഷന്മാരെപ്പോലെതന്നെ, ആണുങ്ങളാണ് നിങ്ങളും. വെറും പുസ്തകപാണ്ഡിത്യംകൊണ്ടെന്തു ഗുണം ചെയ്യും. ധ്യാനംകൊണ്ടുപോലും എന്തുചെയ്യും? മന്ത്രതന്ത്രങ്ങള്‍ക്കു ചെയ്യാവുന്നതെന്ത്? നിങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണം. നിങ്ങള്‍ക്ക് വേണ്ടത് ഈ പുതിയ ഉപായമാണ്. ആണുങ്ങളെ വാര്‍ത്തെടുക്കുന്ന ഉപായം. ആരാണോ കരുത്തുപോലെതന്നെ കരുത്തന്‍; ഒപ്പം, സ്ത്രീഹൃദയമുള്ളവന്‍; അവനത്രേ സത്യത്തില്‍ ആണ്. നിങ്ങളുടെ ചുറ്റുമുള്ള ദശലക്ഷങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ കരളലിയണം; അതേ സമയം നിങ്ങള്‍ കരുത്തരും വഴങ്ങാത്തവരുമാകണം; അനുസരണയും നിങ്ങള്‍ക്കു വേണം. ഇതൊരു വിരോധാഭാസമായി തോന്നാം. തമ്മില്‍ ഇണങ്ങാത്തവയെന്നു തോന്നാവുന്ന ഈ ഗുണങ്ങളൊക്കെ നിങ്ങള്‍ക്കു വേണം.
















