മഡ്ഗാവ്: ഗോവന്‍ മണ്ണില്‍ കൊല്‍ക്കത്തന്‍ ടീമിന് മിന്നുന്ന ജയം. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോവന്‍ എഫ്സിയെയാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത തകര്‍ത്തെറിഞ്ഞത്. ഇന്ത്യന്‍ താരം കാവിന് ലോബോയുടെ മിന്നുന്ന രണ്ട് ലോകോത്തര ഗോളുകളാണ് കൊല്‍ക്കത്തക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ കുതിപ്പ്. ഗോവന്എഫ്സിക്ക് വേണ്ടി ബ്രസീലിയന്‍ താരം ആന്ദ്രെ സാന്റോസാണ് ഗോള്‍ നേടിയത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം അപരാജിത കുതിപ്പാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ ഒന്നാം പതിപ്പില്‍ നടത്തുന്നത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളുമായാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ ഗോള്‍വലയം കാത്ത സുബാശിഷ് റോയ് ചൗധരിക്ക് പകരം അര്‍മേനിയയുടെ അപൗല ഇഡെലും സൂപ്പര്‍താരവും ക്യാപ്റ്റനും പ്ലേ മേക്കറുമായ ലൂയി ഗാര്‍ഷ്യക്ക് പകരം വൈസ് ക്യാപ്റ്റനും സ്പാനിഷ് താരവുമായ ബോര്‍ജ ഫെര്‍ണാണ്ടസും ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് പൊഡോനിക്കു പകരം ഇന്ത്യന്‍ താരം കാവിന് ലോബയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. തന്റെ സ്ഥാനത്തെ ന്യായീകരിച്ച പ്രകടനമാണ് ലോബ കാഴ്ചവെച്ചത്.
കളിയുടെ തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമണ പ്രത്യക്രമണങ്ങള്കൊണ്ട് മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചു. ഏഴാം മിനിറ്റില്‍ ഗോവയുടെ റോബര്‍ട്ട് പിറസ് ഗോളി മാത്രം മുന്നില്‍നില്‍ക്കേ പുറത്തേക്കടിച്ചു കളഞ്ഞു. 21-ാം മിനിറ്റില്‍ ഗോവന്‍ എഫ്സി ലീഡ് നേടി. റാന്റി മാര്ട്ടന്സിന്റെ പാസ് സ്വീകരിച്ച് ആന്ദ്രെ സാന്റോസ് ഇടംകാലുകൊണ്ട് പറത്തിയ ബുള്ളറ്റ് ഷോട്ട് അത്ലറ്റികോ ഡി കൊല്‍ക്കത്ത ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറി. ലീഡ് വഴങ്ങിയതോടെ കൊല്‍ക്കത്ത ആക്രമണത്തിന് ശക്തികൂട്ടിയെങ്കിലും മുന്നേറ്റങ്ങളെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ഇതോടെ ആദ്യപകുതിയില്‍ ഗോവ 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍മടക്കാനായി കൊല്‍ക്കത്തന്‍ ടീം കനത്ത മുന്നേറ്റങ്ങളാണ് എതിര് ബോക്സിലേക്ക് നടത്തിയത്. 70-ാം മിനിറ്റുവരെ കൊല്‍ക്കത്ത ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താനും ഗോവന്‍ പ്രതിരോധത്തിന് കഴിയുകയും ചെയ്തു. എന്നാല്‍ 71-ാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധം പൊട്ടിച്ച് കൊല്‍ക്കത്ത സമനില ഗോള്‍ േനടി. സൂപ്പര്‍താരം ഫിക്രു രണ്ട് ഗോവന്‍ താരങ്ങള്‍ക്കിടയിലൂടെ തള്ളിക്കൊടുത്ത പന്ത് ഓടിക്കയറി തലകൊണ്ട് സ്വീകരിച്ച് നിലത്തേക്ക് തട്ടിയിട്ട കാവിന് ലോബോ രണ്ട് ഗോവന്താരങ്ങള്ക്കിടയിലൂടെ പായിച്ച തകര്‍പ്പന്‍ ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ഗോളിയെയും നിഷ്പ്രഭനാക്കി വലയില്‍ തറച്ചു കയറി. സമനില നേടിയതോടെ കരുത്തുകൂടിയ കൊല്‍ക്കത്തന്‍ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ പിന്നീട് ഗോവക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. 84-ാം മിനിറ്റില്‍ കൊല്‍ക്കത്ത വിജയമുറപ്പിച്ച ഗോളും നേടി. ബോര്‍ജ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് എതിര് ബോക്സിലേക്ക് പറന്നിറങ്ങിയത് ഗോവന്‍താരം ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തു. എന്നാല്‍ പറന്നെത്തിയ കാവിന് ലോബോ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ലോംഗ് റേഞ്ചര്‍ മുഴുനീളെ പറന്ന ഗോവന്ഗോളിയെയും ഞെട്ടിച്ച് വലയില്‍ തറച്ചുകയറി. തികച്ചും ഒരു ലോകോത്തര ഗോളായിരുന്നു ഇത്. അവസാന മിനിറ്റുകളില്‍ സമനിലക്കായി ഗോവന്‍ ടീം കൈമെയ് മറന്ന് പൊരുതിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങള്‍ കളിച്ച ഗോവന്‍ ടീമിന്റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയോട് പരാജയപ്പെട്ട അവര്‍ രണ്ടാം കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി 1-1ന് സമനില പാലിച്ചു.
അത്ലറ്റികോ ഡി കൊല്‍ക്കത്ത തങ്ങളുടെ അടുത്ത മത്സരത്തില്‍ 26ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
















