ന്യൂദല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ തിരസ്ക്കരിച്ചതില് ഇന്ത്യന്‍ വനിതാ ബോക്സര്‍ സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന് (ഐബ) സസ്പെന്‍ഡു ചെയ്തു.
വിധികര്‍ത്താക്കളുടെ തെറ്റായ തീരുമാനമാണെന്ന ആരോപിച്ചായിരുന്നു സരിത മെഡല്‍ നിരസിച്ചത്. സരിതയുടെ മൂന്ന് പരിശീലകര്‍ക്കും ഇഞ്ചിയോണ്‍ ഗെയിംസിലെ ഇന്ത്യന്‍ സംഘത്തലവന് അദിലെ ജെ സുമാരിവാലയ്ക്കും സസ്പെന്ഷന് ബാധകമാണ്.
ഇന്ത്യന്‍ സംഘത്തില്‍ നിന്നുളള അഞ്ച് അംഗങ്ങള്‍ക്കും ഐബ സംഘടിപ്പിക്കുന്ന പരിപാടികളിലോ യോഗങ്ങളിലോ മത്സരങ്ങളിലോ പങ്കെടുക്കാന്‍ കഴിയില്ല. ഇതോടെ അടുത്ത മാസം കൊറിയയില്‍ നടക്കാനിരിക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് സരിതയ്ക്ക് നഷ്ടമായേക്കും.
ഇഞ്ചിയോണിലെ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഐബ കഴിഞ്ഞ ദിവസം സരിതയ്ക്ക് ഇമെയില്‍ അയച്ചിരുന്നു. മറുപടി നല്കാന് താരം രണ്ട് ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ മറുപടി നല്കിയാല് സസ്പെന്ഷന് ഉടന്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്.
ഇഞ്ചിയോണില്‍ മെഡല്‍ദാന ചടങ്ങിനിടെ വെങ്കല മെഡല്‍ കഴുത്തിലണിയാതെ കൈയില്‍ സ്വീകരിച്ച സരിത അത് വെളളിമെഡല്‍ ജേതാവായ കൊറിയയുടെ ജിന പാര്‍ക്കിന്റെ കഴുത്തിലണിയിക്കുകയായിരുന്നു.
















