ബാഴ്‌സലോണ: നൗ കാംപിലെ ഗ്യാലറിയിലെ മിഴികളെല്ലാം ലയണല്‍ മെസിയെന്ന അര്‍ജന്റൈന്‍ പ്രതിഭയിലായിരുന്നു. സ്പാനിഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന അത്‌ലറ്റിക്കോ ബില്‍ബാവോ ഇതിഹാസം ടെല്‍മോ സാറയുടെ (251) അതുല്യനേട്ടവും മെസിയും തമ്മില്‍ രണ്ടു ഗോളിന്റെ അകലം. തങ്ങളുടെ തുറുപ്പുചീട്ട് ഹാട്രിക്കോടെ റെക്കോര്‍ഡ് ഒറ്റയ്‌ക്കു കൈപ്പിടിയിലാക്കുമെന്ന് ഏവരും കരുതി. പക്ഷേ, അതുണ്ടായില്ല. എങ്കിലും മെസി ആരെയും അത്രയ്‌ക്കങ്ങ് നിരാശപ്പെടുത്തിയുമില്ല. ഒരു തവണ വലകുലുക്കിയ മെസി (250) റെക്കോര്‍ഡിലേക്ക് കൂടുതല്‍ അടുത്തു. ബ്രസീലിയന്‍ ജീനിയസ് നെയ്‌മറും പിന്നെ സാവിയും കൂടി സ്‌കോറിംഗ് പാടവം കാട്ടിയപ്പോള്‍ ദുര്‍ബലരായ എയ്ബറിനെ 3-0ത്തിന് തോല്‍പ്പിച്ച് ലീഗില്‍ തലപ്പത്തു തുടരാന്‍ ബാഴ്‌സലോണയ്‌ക്ക് (22) സാധിക്കുകയും ചെയ്തു.
പ്രിയപ്പെട്ട ലിയോ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. തുടക്കംമുതല്‍ ഗോള്‍ ദാഹത്തോടെ മെസി മിന്നിക്കളിച്ചെങ്കിലും നിര്‍ഭാഗ്യവും എതിര്‍ പ്രതിരോധവും കാവല്‍ക്കാരന്‍ സാബി ഇറുറേറ്റയുടെ ഉശിരന്‍ സേവുകളും വെള്ളിടികള്‍ വീഴാതെ എയ്ബറിന്റെ വലയെ കാത്തുരക്ഷിച്ചു. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ സന്ദര്‍ശകരുടെ ഭാഗത്തു നിന്നും കാര്യമായ ഗോള്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ സ്‌കോര്‍ഷീറ്റില്‍ ശൂന്യതമാത്രം സൃഷ്ടിച്ച് ഇരു സംഘങ്ങളും ഇടവേളയ്‌ക്കു പിരിഞ്ഞു. രണ്ടാം പകുതിയുടെ ആരംഭത്തില്‍ ബാഴ്‌സ ചെറുതായൊന്നു മങ്ങി. എങ്കിലും അവര്‍ താളം തിരിച്ചുപിടിച്ചു. ഒടുവില്‍ 60-ാം മിനിറ്റില്‍ മെസിയുടെ കൗശലപൂര്‍ണമായ പാസ് പിടിച്ചെടുത്ത് സാവി ബാഴ്‌സയ്‌ക്ക് ലീഡ് നല്‍കി (1-0).
പന്ത്രണ്ട് മിനിറ്റുകള്‍ക്കുശേഷം നല്ലൊരു വോളിയിലൂടെ നെയ്‌മര്‍ കറ്റാലന്‍ ടീമിന്റെ ആധിപത്യമേറ്റി (2-0). പിന്നാലെ മെസി (74-ാം മിനിറ്റ്) ആരാധകവൃന്ദത്തിന് മധുരമൊരുക്കിയ ഗോളും കുറിച്ചു (3-0). ഇനി പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെതിരായ ഹൈ വോള്‍ട്ടേജ് പോരാട്ടം വരെ മെസിക്കും ബാഴ്‌സ ആരാധകര്‍ക്കും കാത്തിരിക്കാം.
ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിച്ചു.തിയാഗോയും (43) മരിയോ സുവാരസും (71) അത്‌ലറ്റിക്കോയുടെ ഗോളടിവീരര്‍. 17 പോയിന്റുള്ള അത്‌ലറ്റിക്കോ ഇപ്പോള്‍ ടേബിളില്‍ നാലാമതാണ്.
















