കല്‍പ്പറ്റ: കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളായ ബാവലി, ഷാണമംഗലം, കടഗദ്ദ, ആനമാളം, മച്ചൂര്‍, ദൊടബൈരകുപ്പ തുടങ്ങിയ ഭാഗങ്ങളില്‍ ദീപാവലിയുടെ ഭാഗമായി ഓരിഅബ്ബ (മൂരിച്ചാട്ടം) ആഘോഷം 24ന് നടക്കും.
കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ നിന്ന് ടിപ്പുവിന്റെ പടയോട്ടകാലത്ത് പ്രാണഭയത്താല്‍ കാളകളുടെ പുറത്ത് പലായനം ചെയ്ത വേടഗൗഡ വിഭാഗമാണ് ദീപാവലി ആഘോഷിക്കുന്നത്. കബനീ തടങ്ങളിലാണ് വേടഗൗഡര്‍ താമസമാക്കിയത്.
ബൈരകുപ്പയിലെ ബസവേശ്വര ക്ഷേത്രവും ബൈരേശ്വരക്ഷേത്രവുമാണ് ഓരിഅബ്ബക്കായി ഒരുങ്ങുന്നത്. അതിരാവിലെ കാളകളെ കുളിപ്പിച്ച് ആരതിയുഴിഞ്ഞ് ആടയാഭരണങ്ങള്‍ അണിയിപ്പിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോെടയാണ് ക്ഷേത്രദര്‍ശനത്തിനെത്തുക.
ബസവേശ്വര ക്ഷേത്രസന്നിദ്ധിയില്‍ നിന്ന് കുറച്ച് ദൂരത്തേക്ക് കാളകളെ ഓടിക്കും. ഇതിനിടെ യജമാനന്മാരായി എത്തുന്നവര്‍ കാളപ്പുറത്ത് ചാടിക്കയറണം. പലായനകാലത്ത് ഇവര്‍ രക്ഷപ്പെട്ടതിങ്ങനെയെന്നാണ് പഴമക്കാരുടെ പക്ഷം.
















