ഈ നശ്വരമായ ശരീരത്തിനുള്ളില്‍ മനുഷ്യന്‍, ആത്മാവോടുകൂടി ജന്മമെടുക്കുന്നു. അവനില്‍ ഉള്ള ദിവ്യത്വത്തിന്റെ സങ്കല്പമനുസരിച്ച് ജീവിതം നയിക്കുന്നു. പക്ഷേ, ഈ സത്യത്തെക്കുറിച്ച് അവന്‍ അജ്ഞനാണ്. ജനനവും മരണവുമായി അവന്റെ ജീവിതം നിജപ്പെടുത്തുന്നത് കാലമാണ്. ഈ ശരീരത്തില്‍ പക്ഷേ ആത്മാവ്, സീമകളില്ലാതെ, കാലാതീതമായി, ബന്ധനങ്ങളില്ലാതെ പരിമിതികളില്ലാതെ, നിലകൊള്ളുന്നു. ആത്മാവ് സദാ നിന്നില്‍ തന്നെ നിലകൊള്ളുന്നു. പക്ഷേ, ആതുരതയോടെ ആത്മാവിനെ ഉണര്‍ത്തിയാല്‍ മാത്രമേ ആത്മാവ് സ്വയം വെളിപ്പെടുത്തുകയുള്ളൂ. ഇത് നിന്റെ ഉള്ളിലുള്ള ആത്മബോധത്തിന്റെ ജനനത്തിന്റെയും ശരീരബോധത്തിന്റെ മരണത്തിന്റെയും നാന്ദിയാണ്. നിന്റെ ഉള്ളിലുള്ള ദിവ്യത്വത്തെ ഉണര്‍ത്തിക്കൊണ്ടാകട്ടെ നിന്റെ ഓരോ പ്രഭാതത്തിന്റെയും പ്രാരംഭം കുറിക്കുന്നത്. ഓരോ ദിവസവും നിന്റെ ആനന്ദകരമായ ഓരോ ജന്മദിനമായി ആഘോഷിക്കൂ. ആത്മാവിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ദേഹബോധം നശിക്കുന്നു. പിന്നെ ഞാന്‍ മാത്രം ശേഷിക്കുന്നു.
















