ന്യൂദല്‍ഹി: ശമ്പള പ്രശ്നത്തിന്റെ പേരില്‍ താരങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് (ഡബ്ല്യൂഐസിബി) ബിസിസിഐയോടും ആരാധകരോടും സ്പോണ്സര്മാരോടും സംപ്രേഷണ അവകാശക്കാരോടും ക്ഷമാപണം നടത്തി. പരമ്പരയില്‍ നിന്ന് പിന്മാറാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും ഡബ്ല്യൂഐസിബി പ്രസ്താവനയില്‍ വ്യക്തമാക്കി.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചൊവ്വാഴ്ച ചേരുന്ന യോഗം പരമ്പര ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിശകലനം ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിക്കും. ധര്‍മ്മശാലയിലെ നാലാം ഏകദിന ത്തിനിടെയാണ് പര്യടനത്തിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറാന് വിന്‍ഡീസ് താരങ്ങള്‍ തീരുമാനിച്ചത്. ആദ്യം ഇതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്ഥിരീകരണം നടത്തി. തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്ന ഡബ്ല്യൂഐസിബി വിശദീകരണകുറിപ്പ് പുറത്തിറക്കി. പകരം ടീമിനെ നല്‍കാമെന്ന് വിന്‍ഡീസ് വാഗ്ദാനം ചെയ്തെങ്കിലും ബിസിസിഐ നിരാകരിച്ചു. അടുത്തമാസം അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി ശ്രീലങ്കയെ ഇന്ത്യയിലെത്തിക്കാനും ബിസിസിഐ നിശ്ചയിച്ചുകഴിഞ്ഞു.
സെപ്തംബറില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ അസോസിയേഷനും ഒപ്പിട്ട കരാറാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ഉടമ്പടി തങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആരോപിച്ച് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയുടെ നേതൃത്വത്തില്‍ കളിക്കാര്‍ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. കൊച്ചി ഏകദിനത്തില്‍ കളിക്കില്ലെന്നു ഭീഷണി മുഴക്കിയ വിന്‍ഡീസ് താരങ്ങളെ വളരെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്. പ്രശ്നപരിഹാരം കണ്ടെത്താന്‍ ബിസിസിഐ എതിര് കളിക്കാര്‍ക്ക് നാലു കോടി രൂപ നല്‍കിയതായ റിപ്പോര്‍ട്ടുകളും അന്നു പുറത്തുവന്നു. ഒരു ഏകദിന പോരാട്ടവും ട്വന്റി20യും മൂന്നു ടെസ്റ്റുകളും ഇന്ത്യ- വിന്‍ഡീസ് പരമ്പരയില്‍ ബാക്കിയുണ്ടായിരുന്നു.
















