ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് ജയിച്ചവരുടെ പോരാട്ടം. ആദ്യ മത്സരത്തില്‍ ജയിച്ച അത്ലറ്റികോ ഡി കൊല്‍ക്കത്തയും നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമാണ് ഇന്നത്തെ അങ്കത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ന് ആദ്യ എവേ പോരാട്ടത്തിനിറങ്ങുന്നത്. സ്വന്തം മണ്ണില്‍ കൊച്ചി ബ്ലാസ്റ്റേഴ്സിനെ 1-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത്-ഇൗസ്റ്റ് യുണൈറ്റഡ് ഇന്ന് സ്വന്തം മൈതാനത്ത് രണ്ടാം പോരിനിറങ്ങുന്നത്.
സ്പാനിഷ് താരം ലൂയിസ് ഗാര്‍ഷ്യയുടെ സാന്നിധ്യമാണ് അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ കരുത്ത്.
ഉദ്ഘാടന മത്സരത്തില്‍ കളം നിറഞ്ഞുകളിച്ച ഗാര്‍ഷ്യ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തിരുന്നു. മുംബൈ സിറ്റിക്കെതിരെ ഗോള്‍ നേടിയ റയല്‍ മാഡ്രിഡ്, വല്ലഡോളിഡ് മുന്‍ താരമായ ബോര്‍ജ ഫെര്‍ണാണ്ടസ്, അര്‍ണാല്‍ ലിബര്‍ട്ട്, എത്യോപ്യന്‍ സ്ട്രൈക്കര്‍ ഫിക്രു ടെഫേര എന്നിവരുടെ മികച്ച ഫോമിലാണ് അത്ലറ്റികോ ഇന്നത്തെ എവേ മത്സരത്തിലും ജയിക്കാമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ബോട്സ്വാനക്ക് വേണ്ടി 31 മത്സരങ്ങളില്‍ കളിച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഒഫെന്റ്സെ നാറ്റോയും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രതിരോധത്തിലെ കരുത്തന് ലിവര്‍പൂളിനും മലാഗക്കും വേണ്ടി കളിച്ചിട്ടുള്ള ജോസ്മിയാണ്. ഒപ്പം ഇന്ത്യന്‍ താരങ്ങളായ അര്നാബ് മൊണ്ടലും ഡെന്‍സില്‍ ഫ്രാങ്കോയും ബിശ്വജിത്ത് സാഹയും അണിനിരക്കുമ്പോള്‍ വടക്കു-കിഴക്കന്‍ യുണൈറ്റഡിന്റെ മുന്നേറ്റനിരക്ക് എതിര് ബോക്സില്‍ പന്തെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഗോള്‍വലയം കാക്കാന്‍ ഇറങ്ങുന്നത് സുഭാശിഷ് റായ് ചൗധരിയായിരിക്കും.
അതേസമയം സ്വന്തം മണ്ണില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് ആദ്യ മത്സരത്തില്‍ കഷ്ടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നത്. ഫിനിഷിംഗിലെ പോരായ്മയാണ് അവരെ ഏറെ അലട്ടുന്നത്. സ്പാനിഷ് താരം ജോണ്‍ കേപ്ഡിവിയ്യയെ കേന്ദ്രീകരിച്ചാണ് അവരുടെ മുന്നേറ്റങ്ങള്‍. പ്രതിരോധനിര താരമാണെങ്കിലും അവരുടെ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിടുന്നത് കേപ്ഡിവിയ്യയുടെ ബൂട്ടുകളാണ്. സ്ട്രൈക്കറുടെ ചുമതല കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയഗോള്‍ നേടിയ മറ്റൊരു സ്പാനിഷ് താരമായ കോകെക്കാണ്. കരുത്തുറ്റ പ്രതിരോധമാണ് അവരുടെ മുതല്‍ക്കൂട്ട്. പോര്‍ച്ചുഗീസ് താരം മിഗ്വേല്‍ ഗാര്‍ഷ്യ നയിക്കുന്ന പ്രതിരോധനിരയില്‍ ഇന്ത്യന്‍ താരങ്ങളായ റോബിന് ഗുരുങ്, റാല്‍റ്റെ, അയ്ബോര്ലാംഗ് ഖോംഗി എന്നിവരായിരിക്കും കളത്തിലിറങ്ങുക. സെനഗലിന്റെ മസാംബാ ലൊസാംബോ, ചെക്ക് റിപ്പബ്ലിക്കിന്റെ ടൊമാസ് ജോസല്‍ എന്നിവരും പ്രതിരോധനിരയിലെ കരുത്തരാണ്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളെ സമര്‍ത്ഥമായി തടഞ്ഞുനിര്‍ത്തുന്നതില്‍ ഇവര്‍ വിജയിച്ചിരുന്നു. ഗോള്‍വലയം കാക്കുന്നത് ഗ്രീസ് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന അലക്സാന്ദ്രോസ് സൊര്വാസാണ്.
അലന് ഡിയോറെ, ബോയിതംഗ് ഹോകിപ്, ഡേവിഡ് ഗായിഹത്, ഡോ ഡോംഗ് ഹുയന്‍, ഗില്ഹെറെം ഫിലിപ് കാസ്ട്രോ, ഐസക് ചാന്‍സ, കോഡ്വാനി ടോംഗ, മിലാന് സിംഗ്, സോഡിംഗ്ലിയാ എന്നിവരാണ് മധ്യനിരയിലെ താരങ്ങള്‍. കോകെക്കൊപ്പം സ്ട്രൈക്കര്‍മാരായി ഇംഗ്ലണ്ടിന്റെ ജെയിംസ് കീനും ഇന്ത്യന്‍താരം ദുര്‍ഗ ബോറവും കളത്തിലിറങ്ങാനാണ് സാധ്യത.
















