ന്യൂദല്‍ഹി: കേരളത്തില്‍ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിനും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ നവംബര്‍ ആദ്യവാരം കേരളം സന്ദര്‍ശിക്കുമെന്ന് സംസ്ഥാന കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത, ട്രഷറര്‍ അനില്‍ ഖന്ന എന്നിവരുമായി ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ന്യൂദല്‍ഹിയിലെ ഒളിമ്പിക് ഭവനില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
നവംബര്‍ ആദ്യവാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറലും ട്രഷററും കേരളം സന്ദര്‍ശിക്കും. ഐഒഎ പ്രതിനിധി സംഘത്തിന്റെ സഹായത്തോടെ തിരുവനന്തപുരത്തും മറ്റ് ജില്ലകളിലുമായുളള വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം 2015 ജനവരി 31 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രിയെയും ഫിബ്രവരിയിലെ സമാപന ചടങ്ങില്‍ രാഷ്‌ട്രപതിയെയും ക്ഷണിക്കും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ ഏഴ് ജില്ലകളിലായി നടക്കുന്ന ദേശീയ ഗെയിംസിന് വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. പണി പൂര്‍ത്തിയായ സ്റ്റേഡിയങ്ങള്‍ ഡിസംബര്‍ മാസത്തോടെ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. ഇക്കാര്യത്തില്‍ പൂര്‍ണ്ണതൃപ്തരാണെന്നും അദ്ദേഹം അറിയിച്ചു.
















