നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും
പത്തനംതിട്ട: അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ലോറി, ഓട്ടോറിക്ഷ തുടങ്ങിയ ചരക്കുവാഹനങ്ങളില്‍ ശബരിമലയിലേക്ക് വരുന്നത് തീര്‍ത്ഥാടകര്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ആര്.ശ്രീലേഖ പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശബരിമല തീര്‍ഥാടന കാലത്തെ റോഡ് സുരക്ഷാ പദ്ധതിയായ സേഫ്സോണിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ശബരിമല തീര്‍ഥാടനത്തിന്റെ അവിഭാജ്യഘടകമായി സേഫ്സോണ്‍ പദ്ധതി മാറിക്കഴിഞ്ഞു. 2013-14 തീര്‍ഥാടന കാലത്ത് അപകട മരണങ്ങള് ഒന്നും ഉണ്ടായില്ല. കഴിഞ്ഞ തീര്‍ഥാടന കാലത്ത് 200 കിലോമീറ്റര്‍ റോഡാണ് സേഫ്സോണില്‍ ഉള്‍പ്പെട്ടിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കോട്ടയം-കുമളി റോഡുകൂടി ഇത്തവണ സേഫ്സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സേഫ്സോണ്‍ സുരക്ഷാ മേഖല 300 കിലോമീറ്റര്‍ ആയി വര്‍ധിക്കും.
സേഫ്സോണ്‍ പദ്ധതിയുടെ ഭാഗമായി സുരക്ഷാ മേഖലയിലെ റോഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് ആസ്ഥാനത്തിരുന്ന് വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനും മോട്ടോര്‍ വിഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുന്നതിനും ഇതിലൂടെ കഴിയും. 17 സ്ക്വാഡുകള്‍ സുരക്ഷാ മേഖലയിലെ റോഡുകളില്‍ പട്രോളിംഗ് നടത്തും. ദിവസവും 51 ഉദ്യോഗസ്ഥര്‍ ഇതിനായി സേവനമനുഷ്ഠിക്കും. റോഡ് സുരക്ഷാ നടപടിയുമായി ബന്ധപ്പെട്ട് റോഡരികിലെ യാത്രാ തടസമായ കാട് മാറ്റുക, റോഡ്സൈഡ് മാര്‍ക്കിംഗ്, ക്രാഷ് ബാരിയര്‍, ആനത്താരകള്‍ക്ക് മുന്‍പായി സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് നിരത്തുവിഭാഗം എസ്റ്റിമേറ്റ് നല്‍കണം. ആനത്താരകള്‍ക്കു സമീപം സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പുത്തന്‍പീടിക മുതല്‍ പത്തനംതിട്ട കോളേജ് ജംഗ്ഷന്‍വരെ വീതി കൂട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ നീക്കി സ്ഥാപിക്കുന്നതിനും കെഎസ്.ഇ.ബി എസ്റ്റിമേറ്റ് നല്‍കണം. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ആവശ്യപ്പെട്ട പ്രകാരം കോന്നി-തണ്ണിത്തോട്-ചിറ്റാര്‍ റോഡും, പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പത്തനാപുരം മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗവും 2015-16 തീര്‍ത്ഥാടന കാലത്തെ സേഫ്സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇ.എസ്.ജയിംസ്, ദക്ഷിണ മേഖല എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി.ഡി.സുനില്‍ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദര്‍ശനം ചര്‍ച്ചാ പരമ്പരശ്രീലേഖ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: