ഏകാഗ്രമനസ്‌കരായ ഭക്തന്മാര്‍ സമര്‍പ്പിതാത്മാക്കളാണ്. ഭഗവാന്റെ ശക്തികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍ക്കറിയാം. ദീര്‍ഘകാലം യാചനയും പ്രാര്‍ത്ഥനയും നടത്തിയിട്ടും ഭഗവത്കാരുണ്യം പ്രകടമാകാതെപോയാലും അവര്‍ക്ക് ഉത്കണ്ഠയില്ല. കാരണം, ഏതു പരിതഃസ്ഥിതിയിലും ഭഗവാന്‍ തങ്ങളെ സംരക്ഷിക്കുമെന്ന് അവര്‍ക്ക് അചഞ്ചലമായ വിശ്വാസമുണ്ട്.
ഈ യുഗത്തിന്റെ മനോഭാവം ആധ്യാത്മികതയ്‌ക്കനുഗുണമല്ല. അതുകൊണ്ടുതന്നെ ഉന്നത നിലവാരത്തിലുള്ള ഭഗവദ്ഭക്തി വികസിക്കാന്‍ വിഷമവുമാണ്. എങ്കില്‍പ്പോലും ഭഗവാനിലുള്ള വിശ്വാസം ഒരിക്കലും വൃഥാവിലാകില്ലെന്നു തീര്‍ച്ച. തുടക്കത്തില്‍ ഈ വസ്തുത അംഗീകരിക്കാന്‍ അല്പം മടിച്ചേയ്‌ക്കാം. എന്നാല്‍ ഭഗവാന്‍ നമ്മെ സദാ സംരക്ഷിക്കുന്നുണ്ടെന്ന് കാലക്രമത്തില്‍ നാം മനസ്സിലാക്കും.
















