ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ സമനില. ഇന്നലെ ദല്‍ഹി ഡൈനാമോസും പൂനെ സിറ്റി എഫ്‌സിയും തമ്മില്‍ നടന്ന പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഇറ്റാലിയന്‍ സൂപ്പര്‍താരം ആന്ദ്രെ പിര്‍ലോ ഡൈനാമോസിനുവേണ്ടിയും ഫ്രഞ്ച് താരം ഡേവിഡ് ട്രെസ്‌ഗെ പൂനെക്കുവേണ്ടിയും ഇറങ്ങിയിട്ടും ഇരുടീമുകള്‍ക്കും എതിര്‍ വല ചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
കൡയില്‍ മുന്‍തൂക്കം നേടിയതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ദല്‍ഹി ഡൈനാമോസായിരുന്നു. എന്നാല്‍ അവരുടെ ഷോട്ടുകളെല്ലാം ലക്ഷ്യം തെറ്റുകയോ പൂനെ ഗോളി ബല്ലാര്‍ഡിക്ക് മുന്നില്‍ വിഫലമാവുകയോ ചെയ്തു. ദല്‍ഹിയുടെ ഡാനിഷ് താരം മാഡ്‌സ് ജുങ്കര്‍ മികച്ച ഒന്നുരണ്ട് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. 19-ാം മിനിറ്റില്‍ ജുങ്കറിന്റെ തകര്‍പ്പന്‍ ഷോട്ട് പൂനെ ഗോളി മുഴുനീളെ പറന്നാണ് രക്ഷപ്പെടുത്തിയത്. 38-ാം മിനിറ്റില്‍ മോര്‍ട്ടന്‍ സ്‌കൂബോക്ക് പകരമായാണ് സൂപ്പര്‍താരം ഡെല്‍ പിയറോ ദല്‍ഹിക്കായി കളത്തിലിറങ്ങിയത്. ഇതോടെ ദല്‍ഹിയുടെ മുന്നേറ്റങ്ങള്‍ കരുത്ത് കൂടിയെങ്കിലും പൂനെയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലും ദല്‍ഹി ചില മുന്നേറ്റങ്ങള്‍ നടത്തി. 57-ാം മിനിറ്റില്‍ ജുങ്കറിന്റെ ഷോട്ട് പൂനെ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 68-ാം മിനിറ്റില്‍ ഡെല്‍പിയറോ 25 വാര അകലെന്ന് പായിച്ച തകര്‍പ്പന്‍ ഷോട്ടും ലക്ഷ്യം തെറ്റി പറന്നു. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വിജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍രഹിത സമനിലയും പിറന്നു.
















