കേരളത്തില്‍ കായിക സര്‍വ്വകലാശാല വേണമെന്ന ആശയം സജീവമാണ്. കേരളം സന്ദര്‍ശിച്ച കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അതിനു വേണ്ട പിന്തുണ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.
ആഗോള കായിക ഭൂപടത്തില്‍ ഇന്ത്യ പ്രധാന ശക്തിയല്ല. അത്ലറ്റിക്സ്, ഫുട്ബോള്‍ തുടങ്ങി വ്യാപക പ്രചാരമുള്ള ഇനങ്ങളില്‍ നാം ലോകനിലവാരത്തില്‍ നിന്നും എത്രയോ അകലെയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, കായിക സംസ്കാരം ജനജീവിതത്തിന്റെ ഭാഗമായി മാറാത്തതുമാണ് ഇതിനു കാരണം. 1983-ലെ ലോകകപ്പ് വിജയം ഇന്ത്യയിലെ ക്രിക്കറ്റിനെ ജനകീയമാക്കി. ടി.സി. യോഹന്നാനേയും പി.ടി. ഉഷയേയും പോലുള്ള കായിക ഇതിഹാസങ്ങളാണ് അത്ലറ്റിക്സിനെ സ്നേഹിച്ച തലമുറകളെ കേരളത്തില്‍ സൃഷ്ടിച്ചത്.
ഇത്തരം താരങ്ങളെയും ടീമുകളെയും സൃഷ്ടിക്കാന്‍ സാമ്പ്രദായിക രീതികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ നമുക്ക് കഴിയണം.
സ്പോര്‍ട്സ് സയന്‍സ് വളര്‍ന്നുവരുന്ന പഠന മേലയാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന ഗവേഷണ സ്ഥാപനങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉള്ള രാജ്യങ്ങളിലെ കായിക താരങ്ങളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. ലോകചാമ്പ്യന്മാരായ കായികതാരങ്ങള്‍ പലരും സര്‍വ്വകലാശാലകളില്‍ നിന്നുള്ളവരാണ്. ഈ മാതൃക ഇന്ത്യയ്ക്കും അനുകരണീയമാണ്. കായിക ശാസ്ത്ര രംഗത്ത് പഠന ഗവേഷണങ്ങള്‍ നടത്താനും മത്സര രംഗത്ത് അവയെ പ്രായോഗികമായി പ്രയോജനപ്പെടുത്താനും കഴിയുന്നഉന്നത വിദ്യാഭ്യാസ കേന്ദ്രം നമുക്കും ആവശ്യമാണ്.
ഇത്തരമൊരു സര്‍വ്വകലാശാല സ്ഥാപിക്കാന്‍ അനുയോജ്യമായ സംസ്ഥാനം കേരളമാണ്. കായിക രംഗത്തെ നേട്ടങ്ങളുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പട്ടിക ദൃഷ്ടാന്തമാണ്. ആകെയുള്ള പതിനഞ്ച് ജേതാക്കളില്‍ അഞ്ചുപേരും മലയാളികളാണ്. കായിക സര്‍വ്വകലാശാല രാജ്യത്തെ ഉന്നത പ്രകടനം കാഴ്ചവെക്കൂന്ന കായിക താരങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുകയും കായിക ശാസ്ത്രത്തേയും കായിക ചികിത്സാരംഗ ത്തേയും സംയോജിപ്പിച്ച് അത് പരിശീലനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന മികവിന്റെ കേന്ദ്രമായിരിക്കും. കായിക ശാസ്ത്രരംഗത്തെ വ്യത്യസ്ത വിഷയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയായിരിക്കും ഈ സര്‍വ്വകലാശാല ലക്ഷ്യമാക്കുന്നത്.
അഞ്ച് കര്ത്തവ്യങ്ങളാവും ഈ സര്‍വ്വകലാശാല നിര്‍വ്വഹിക്കുക. പരിക്കുകള്‍ക്ക് വിദഗ്ദ്ധ ചികിത്സയും, പുനരധിവാസ പദ്ധതിയും നടപ്പിലാക്കുക, വ്യക്തികള്‍ക്ക് ജീവിതകാലം മുഴുവന്‍ അനുയോജ്യമായ ശാരീരിക പ്രവൃത്തികളെയും കായികരീതികളെയും കുറിച്ചുള്ള അന്വേഷണത്തിന് ഊന്നല്‍ നല്‍കുക, കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള മനശ്ശാസ്ര്തപരവും കായികവുമായ പരിശീലന പദ്ധതികള്‍ ആവിഷ്കരിക്കുക, ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരണം സ്ഥാപിക്കുക, ഈ സര്‍വ്വകലാശാലയില്‍ പഠനം നടത്തുന്ന ഗവേഷകര്‍ക്ക് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനും സ്വയം കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാനും അവസരമൊരുക്കുക.
കായികതാരങ്ങളെ കണ്ടെത്തി അവര്‍ക്ക് പരിശീലന സമ്പ്രദായം രൂപീകരിക്കുക ഈ സര്‍വ്വകലാശാലയുടെ പ്രാഥമിക പരിഗണനയായിരിക്കും. വിദേശപരിശീലകരുടേയും കായിക വിദഗ്ദ്ധരുടേയും സേവനം നമ്മുടെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും അദ്ധ്യാപകര്‍ക്കും ലഭ്യമാക്കും. ദേശീയ തലത്തില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഗുരുനാനാക്ക് യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് മെഡിസിന് വിഭാഗം, ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരണം തേടി, പ്രത്യേക വൈദഗ്ദ്ധ്യവും, നവീന ഉപകരണങ്ങളും ലഭ്യമാക്കി കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള സാഹചര്യമൊരുക്കും.
















