ന്യൂദല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ആതിഥേയര്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. 62 റണ്‍സ് വീതം നേടിയ സുരേഷ് റെയ്നയും വിരാട് കോഹ്ലിയും പുറത്താകാതെ 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ധോണിയും 32 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെയും മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 215 റണ്‍സിന് ഓള് ഔട്ടായി. 97 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയ ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. പൊള്ളാര്‍ഡ് 40ഉം ഡാരന്‍ ബ്രാവോ 26ഉം റണ്‍സെടുത്തെങ്കിലും പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതാണ് വിന്‍ഡീസിന് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ അനായാസം വിജയത്തിലേക്ക് നീങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെപ്പോലെ ഭേദപ്പെട്ട തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ടെയ്ലറുടെ പന്തില്‍ ബൗള്‍ഡായി ശിഖര്‍ ധവാന് മടങ്ങി. ഏകദിനത്തില്‍ ടെയ്ലറുടെ 100 ഇരയായിരുന്നു ധവാന്. പിന്നീട് രഹാനെയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് സ്കോര്‍ 50-ല്‍ എത്തിച്ചെങ്കിലും സാമിയുടെ പന്തില്‍ രഹാനെയെ (12) ബ്രാവോ പിടികൂടിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അധികം കഴിയും മുന്നേ 32 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിെന സുലൈമാന്‍ ബെന്നിന്റെ പന്തില്‍ സാമി പിടികൂടിയതോടെ ഇന്ത്യ മൂന്നിന് 74 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ സ്കോറിംഗിന് വേഗത കുറവായിരുന്നു. നാലാം വിക്കറ്റില്‍ 105 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയെങ്കിലും സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
60 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 62 റണ്‍സ് നേടിയ റെയ്നയെ ടെയ്ലറുടെ പന്തില്‍ പൊള്ളാര്‍ഡ് പിടികൂടി. പിന്നീട് സ്കോര്‍ 196-ല്‍ എത്തിയപ്പോള്‍ 78 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത വിരാട് കോഹ്ലിയെ രാംപാലിന്റെ പന്തില്‍ സാമുവല്‍സ് കയ്യിലൊതുക്കി. തുടര്‍ന്നെത്തിയവരില്‍ ക്യാപ്റ്റന്‍ ധോണി മാത്രമാണ് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 219-ല്‍ എത്തിയപ്പോള്‍ 16 പന്തുകള്‍ നേരിട്ട് ആറ് റണ്‍സ് മാത്രമെടുത്ത ജഡേജയെ ജെറോം ടെയ്ലര് ബൗള്‍ഡാക്കി.
സ്കോര്‍ 49 ഓവറില്‍ 248 എത്തിയപ്പോള്‍ 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിനെ ബ്രാവോയുടെ പന്തില്‍ പൊള്ളാര്‍ഡ് പിടികൂടി. ധോണി 40 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെസ്റ്റിന്‍ഡീസിന് വേണ്ടി ജെറോം ടെയ്ലര് 54 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
264 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡാരന്‍ ബ്രാവോയും ഡ്വെയ്ന്‍ സ്മിത്തും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 64 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 26 റണ്‍സെടുത്ത ബ്രാവോയെ ബൗള്‍ഡാക്കി മുഹമ്മദ് ഷാമിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ പൊള്ളാര്‍ഡും മികച്ച ഫോമിലായിരുന്നു.
28.5 ഒാവറില്‍ സ്കോര്‍ 136 എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 50 പന്തില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്സറുമടക്കം 40 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ അമിത് മിശ്ര ബൗള്‍ഡാക്കി. പിന്നീട് സ്കോര്‍ 170 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെവച്ച് ഡ്വെയ്ന്‍ സ്മിത്തിനെ ഷാമി ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ നാലാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 16 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിനെ ഉമേഷ് യാദവിന്റെ പന്തില്‍ വിരാട് കോഹ്ലി പിടികൂടി. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ വിജയം ആതിഥേയര്‍ക്ക് സ്വന്തം. ഇന്ത്യക്ക് വേണ്ടി ഷാമി നാലും ജഡേജ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
















