പാലാ: മീനച്ചില്‍ താലൂക്കിന്റെ സിരാകേന്ദ്രമായ പാലായില്‍ സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കണമെന്ന് ആവശ്യം. പാലായില്‍ നിന്നിറങ്ങുന്ന കിസ്‌കോ സഫലം മാസികയുടെ ഒക്ടോബര്‍ ലക്കം എഡിറ്റോറിയലിലാണ് ഇപ്രകാരം ആവശ്യപ്പെട്ടിട്ടുള്ളത്. ദേശീയ ഭാഷകളില്‍ ആദ്യമായയെഴുതപ്പെട്ട യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാനപ്പുസ്തകത്തിന്റെ രചയിതാവായ പാറേമാക്കല്‍ തോമാക്കത്തനാരും ഐക്യകേരളം രൂപം കൊള്ളുന്നതിന് മുന്‍പ് തന്നെ കേരളത്തെക്കുറിച്ചുപാടി നാടിന്റെ അഭിമാനമായി മാറിയ മഹാകവി പാലാ നാരായണന്‍ നായരും വഞ്ചിപ്പാട്ടിന്റെ അമരക്കാരനായ രാമപുരത്തുവാര്യരും ശ്രീയേശുവിജയം മഹാകാവ്യത്തിന്റെ കര്‍ത്താവായ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയും ജനിച്ചു വളര്‍ന്ന നാടാണ് മീനച്ചില്‍.
ലളിതാംബിക അന്തര്‍ജ്ജനം, മാത്യു എം. കുഴിവേലി, പാലാ ഗോപാലന്‍ നായര്‍, സിസ്റ്റര്‍ മേരി ബനീഞ്ജ, മഹാകവി പ്രവിത്താനം പി.എം ദേവസ്യ, വെട്ടൂര്‍ രാമന്‍ നായര്‍, വി. ബാലകൃഷ്ണന്‍, ജെ.കെ.വി, കുറിച്ചിത്താനം ശിവരാമപിള്ള, എന്‍. മോഹനന്‍, കെ.എസ് ചന്ദ്രന്‍, തോമസ് പാലാ, പുലിയന്നൂര്‍ എസ്. രാമയ്യര്‍, ജോസഫ് മറ്റം തുടങ്ങിയവര്‍ മീനച്ചിലിന്റെ അക്ഷരലോകത്തെ ചൈതന്യവത്താക്കി. കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ പ്രതിമ റോഡുവക്കില്‍ അനാഥമായി നില്‍ക്കുന്നു. മഹാകവി പാലായ്‌ക്ക് ഉചിതമായ സ്മാരകം എന്നത് കടലാസില്‍ മാത്രം ഒതുങ്ങി. രാമപുരത്ത് വാര്യരുടെ ചിത്രം സാഹിത്യ അക്കാദമിയില്‍ പോലുമില്ല. ഒരു സാംസ്‌കാരിക മ്യൂസിയം വന്നാല്‍ ഇവരുടെ കൃതികള്‍, ചിത്രങ്ങള്‍, കയ്യെഴുത്തുപ്രതികള്‍ എല്ലാം വരും തലമുറയ്‌ക്ക് റഫറന്‍സിനായി സൂക്ഷിക്കാന്‍ കഴിയും. പാലായുടെ സമഗ്രവികസനം മുന്നില്‍ കണ്ട് വിഷന്‍ 2030 ആസൂത്രണം ചെയ്യുമ്പോള്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണമെന്ന് കുറിപ്പില്‍ പറയുന്നു.
















