ചേര്‍ത്തല: ഇരുട്ടില്‍ നിന്നും കാഴ്ചയുടെ ലോകത്തേക്ക് ഒരുപാടു പേരെ കൈപിടിച്ചു നടത്തിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ചേര്‍ത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മറ്റി. നാടുമുഴുവന്‍ ലോകനേത്രദിനാചരണം ആഘോഷിക്കുമ്പോള്‍ 157-ാമത് സൗജന്യനേത്രചികിത്സാ ക്യാമ്പ് നടത്തി വ്യത്യസ്തമായ വഴിയിലൂടെയാണ് ഈ സംഘടനയുടെ യാത്ര.
കഴിഞ്ഞ 18 വര്‍ഷമായി മുടങ്ങാതെ തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് എല്ലാ രണ്ടാം ശനിയാഴ്ചയും സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുന്നുണ്ട്. ചേര്‍ത്തല സി.വി. കുഞ്ഞിക്കുട്ടന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഓരോമാസവും നിരവധി പേരാണ് എത്തുന്നത്. സര്‍ക്കാരില്‍ നിന്നോ മറ്റ് സംഘടനകളില്‍ നിന്നോ യാതൊരു ധനസഹായവും വാങ്ങാതെയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സംഘടന മുന്നോട്ട് പോകുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് യാത്രാചിലവും, താമസസൗകര്യം, പരിചരണം, മരുന്ന്, ശസ്ത്രക്രിയ ഇവയെല്ലാം സൗജന്യമാണ്. 1978ല്‍ ചാരങ്കാട്ടു സി.വി. കുഞ്ഞിക്കുട്ടന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം ആചരിക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘടനയാണ് ഇത്. നാളിതുവരെ 14,265 പേരെ സംഘടനയുടെ സൗജന്യക്യാമ്പിലൂടെ തിമിര ശസ്ത്രക്രിയക്ക് വിധേയരാക്കിയിട്ടുണ്ട്. ഇപ്പോള്‍ സംഘടനയുടെ ചെയര്‍മാന്‍ വിജയഘോഷ് ചാരങ്കാട്ടും, ജനറല്‍ കണ്‍വീനര്‍ എന്‍.കെ. കരുണാകരനുമാണ്.
















