പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തെയും പൈതൃകഗ്രാമത്തെയും ഉള്‍പ്പെടുത്തി ആവിഷ്‌കരിക്കുന്ന തീര്‍ത്ഥാടന ടൂറിസം പദ്ധതിയുടെ വിശദാംശങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആറന്മുളയിലെ ജനങ്ങളോട് വിശദീകരിക്കണമെന്നും പഠനം നടത്തുന്ന സംഘടനയുടെ വിശ്വാസ്യത വെളിപ്പെടുത്തണമെന്നും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രമായ ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തെ രാജ്യാന്തര നിലവാരമുള്ള തീര്‍ത്ഥാടക ടൂറിസം കേന്ദ്രമായി ഉയര്‍ത്തുവാനുള്ള പഠനമാരംഭിച്ചത് ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള അനുമതിക്കുശേഷമാണോയെന്ന് കളക്ടര്‍ വ്യക്തമാക്കണം. ആറന്മുള ക്ഷേത്രത്തിന്റെ പൈതൃക സമ്പത്തുകളായ കണ്ണങ്ങാട്ട് മഠവും തെച്ചിക്കാവും അരിങ്ങോട്ടുകാവും ഉള്‍പ്പെടുത്തിയാണോ ഈ പഠനം നടത്തുന്നതെന്ന് ആറന്മുളയിലെ ക്ഷേത്രവിശ്വാസികള്‍ക്ക് അറിയുവാന്‍ ആഗ്രഹമുണ്ട്.
കളക്ടര്‍ തന്നെ ചെയര്‍മാനായി യുഎന്‍ഡിപി പദ്ധതിയുടെ ഭാഗമായി ടൂറിസം പ്രൊജക്ട് ആറന്‍മുളയില്‍ നിലവിലുള്ളപ്പോള്‍ സ്വകാര്യ കുത്തകളുടെ താല്‍പര്യത്തിനുവേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ജില്ലാ ഭരണകൂടം.
ഒരുവര്‍ഷത്തോളമായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം തകര്‍ന്നു കിടന്നിട്ടും പുനസ്ഥാപിക്കാന്‍ ഒരുനടപടിയും സ്വീകരിക്കാത്ത പള്ളിയോട സേവാസംഘവും ജില്ലാ കളക്ടറും ക്ഷേത്രത്തെ ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റുവാന്‍ മുന്നിട്ടിറങ്ങുന്നതിനു പിന്നില്‍ ഗൂഢാലോചനകളുണ്ടോ എന്നു സംശയിക്കേണ്ടിരിക്കുന്നു. പമ്പയുടെ ജലസ്രോതസ്സുകള്‍ മണ്ണിട്ട് മൂടിയത് പുനസ്ഥാപിക്കണമെന്ന് കേരള ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും അതിനായി ഒരു നടപടിയും സ്വീകരിക്കാത്ത കളക്ടര്‍ പമ്പയുടെ തീരത്ത് നടപ്പാക്കാന്‍ പോകുന്ന ടൂറിസം പദ്ധതിയോടുള്ള അമിതാവേശം സംശയാസ്പദമാണ്.
















