കൊച്ചി: ഇന്ത്യക്കെതിരായ കൊച്ചി ഏകദിനത്തില്‍ കളിക്കാന്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് പണം നല്‍കിയത് ബിസിസിഐ ആണെന്ന് സൂചന. നാല് കോടിരൂപയാണ് ബിസിസിഐ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഇത്രയും വലിയ തുക നല്‍കാനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ പണം നല്‍കി താരങ്ങളെ കളിക്കാനിറക്കിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിഫലം നല്‍കാത്തതിനാല്‍ ഇന്ത്യക്കെതിരായ ഏകദിനം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു.
അതേസമയം വാര്‍ത്ത ബിസിസിഐ നിഷേധിച്ചു. ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. ഇത് വെസ്റ്റ് ഇന്‍ഡീസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും പാട്ടീല്‍ വ്യക്തമാക്കി. പ്രതിഫലത്തെ ചൊല്ലി കളിക്കാരും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കളി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്ത വന്നത്. ടീമിലെ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് പരമ്പര ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്നും ആരാധകരും ബിസിസിഐയും ക്ഷമിക്കണമെന്നും അറിയിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കുകയതോടെയാണ് സംഭവം വഷളായത്. എന്നാല്‍ ഈ സമയത്തെല്ലാം ബിസിസിഐയും കെസിഎയും വിന്‍ഡീസ് കളിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതാണ് ബിസിസിഐ പണം നല്‍കി വിന്‍ഡീസ് താരങ്ങളെ കളത്തിലിറക്കിയതെന്ന ആരോപണം ഉയരാന്‍ കാരണം.
ഏറെ നാളുകളായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. ഇതില്‍ ടീമംഗങ്ങള്‍ അസംതൃപ്തരുമാണ്. ഇതേതുടര്‍ന്നാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം വെസ്റ്റിന്‍ഡീസ് പ്ലെയേഴ്‌സ് അസോസിയേഷനും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ പ്രതിഫലം സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് കബളിപ്പിക്കുകയാണെന്നും സ്‌കൂള്‍ കുട്ടികളോടെന്ന പോലെ പെരുമാറുകയാണെന്നും പ്ലെയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വേവല്‍ ഹിന്‍ഡ്‌സിന് അയച്ച കത്തില്‍ നായകന്‍ ഡെയ്ന്‍ ബ്രാവോ സൂചിപ്പിച്ചിരുന്നു. ടീമംഗങ്ങളുടെ മനോവീര്യം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ബ്രാവോ ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ബ്രാവോയുടെ കത്തുകൂടി പുറത്തുവന്നതോടെ ബിസിസിഐ-കെസിഎ അധികൃതര്‍ പരിഭ്രാന്തിയിലായി. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ രാത്രി തന്നെ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സംഭവം രൂക്ഷമായതോടെ വെസ്റ്റിന്‍ഡീസ് താരങ്ങളുമായുള്ള ചര്‍ച്ചക്കായി ബിസിസിഐ പ്രതിനിധികള്‍ കളിക്കാര്‍ താമസിക്കുന്ന മരടിലെ ഹോട്ടലില്‍ എത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ബിസിസിഐ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയും വിന്‍ഡീസ് ടീം കളിക്കാന്‍ സമ്മതിക്കുകയുമായിരുന്നു. ബിസിസിഐയും കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവും ഇക്കാര്യം ബുധനാഴ്ച സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ബിസിസിഐ ചില കര്‍ശന നിലപാടുകളെടുക്കുകയും ചെയ്തു. പരമ്പര ഉപേക്ഷിക്കേണ്ടിവന്നാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ബിസിസിഐ നല്‍കിയതായാണ് അറിയുന്നത്.
ഐപിഎല്ലിലും ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളിലും വിന്‍ഡീസ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ഐപിഎല്ലിലെ ജനപ്രിയ താരങ്ങളായ വെസ്റ്റിന്‍ഡീസ് കളിക്കാര്‍ ഇതോടെയാണ് നിലപാടില്‍ മാറ്റം വരുത്തിയതും കളിക്കാന്‍ സമ്മതിച്ചതും. ഇത് ആദ്യമായല്ല വിന്‍ഡീസ് താരങ്ങള്‍ പ്രതിഫലത്തെച്ചൊല്ലി കളി ഉപേക്ഷിക്കാന്‍ തയ്യാറായത്. 2009-ല്‍ ഇതേ തര്‍ക്കത്തെത്തുടര്‍ന്നു ബംഗ്ലാദേശുമായുള്ള മത്സരം വെസ്റ്റിന്‍ഡീസ് കളിക്കാര്‍ ഉപേക്ഷിച്ചിരുന്നു.
















