നമ്മുടെ ജീവിതകാലത്തു നേടേണ്ടത് സത്കര്‍മ്മത്തില്‍ക്കൂടി ആത്മശുദ്ധിയും അതില്‍ക്കൂടി ആനന്ദവും കൈമുതലാക്കുവാനാണ്. ആത്മശുദ്ധിയില്ലെങ്കില്‍ ആനന്ദം ലഭിക്കുകയില്ല. ആത്മശുദ്ധി തന്നെ സായൂജ്യം. അതിനുള്ള അറിവുകള്‍ ഗുരുവില്‍നിന്ന് ലഭിച്ചിട്ട് നമ്മില്‍ത്തന്നെ അത് അനുഭവമാക്കണം. മരിച്ചതിനുശേഷം സായൂജ്യത്തിനുള്ള കര്‍മ്മം ചെയ്യാന്‍ സാദ്ധ്യമല്ല.
നമ്മുടെ കര്‍മ്മത്തിനു യോജ്യമായ ഫലമാണ് ജീവിതാന്ത്യത്തില്‍ ലഭിക്കുക. സല്‍ക്കര്‍മ്മം ചെയ്തു സായൂജ്യത്തിലെത്തിയില്ലെങ്കില്‍ വീണ്ടും അനേക ജന്മങ്ങള്‍ നാം എടുക്കേണ്ടിവരും. അന്ത്യകാലത്തുള്ള നമ്മുടെ ആഗ്രഹമനുസരിച്ചാണ് ജന്മമെടുക്കേണ്ടിവരിക. കടം വാങ്ങിയത് തിരിച്ചുകൊടുക്കാതെയും, ആശയറ്റതു മാറാതെയും മരിക്കുന്നവര്‍ അതിനുവേണ്ടി വീണ്ടും ജന്മമെടുക്കേണ്ടിവരും. ആശയറ്റവനായി, സത്ചിന്തയോടുകൂടി കടന്നുപോകുന്നവര്‍ക്ക് മോക്ഷം ലഭിക്കും.
















