ശബ്‌ദോച്ചാരണത്തില്‍ കണ്ഠവും താലുവുമാണ്, നാദഫലകംപോലെ ഉപയോഗിക്കപ്പെടുന്ന നമ്മുടെ കരണങ്ങള്‍. ഇവകൊണ്ട് ഉച്ചരിക്കപ്പെടാവുന്ന എല്ലാ ശബ്ദങ്ങള്‍ക്കും മൂലവും എല്ലാറ്റിനും അഭിവ്യഞ്ജകൂവും ഏറ്റവും സ്വാഭാവികവുമായ ഒരു ശബ്ദമുണ്ടോ? ഉണ്ട്, ആ ശബ്ദമാണ് ഓംകാരം. അത് സര്‍വശബ്ദങ്ങള്‍ക്കും ആധാരഭൂതമത്രെ. (അ+ഉ+മ്) എന്നിങ്ങനെ മൂന്നുമാത്രകള്‍ ചേര്‍ന്നാണ് ഓങ്കാരം ധ്വനിക്കുന്നത്). അതിലെ ആദ്യമാത്രയും ശബ്ദമൂലവുമായ ‘അ’കാരം ജിഹ്വാതാലുക്കളെ ഒരിടത്തും സ്പര്‍ശിക്കാതെ ഉച്ചരിക്കപ്പെടുന്നതാണ്. അന്ത്യമാത്രയായ അനുസ്വാരം (മ്) ഓഷ്ഠപുടങ്ങള്‍ കൂട്ടിയടയ്‌ക്കുമ്പോള്‍ ധ്വനിക്കുന്നതാണ്. ‘ഉ’കാരം ശബ്‌ദോച്ചാരണകരണങ്ങളെ ആമൂലാഗ്രം സ്പര്‍ശിച്ചുകൊണ്ടു വിവൃതമാകുന്നു. ഇങ്ങനെ ഓംകാരം വാഗ് വ്യാപാരകാര്യത്തിനു മുഴുവന്‍ പ്രതിനിധീഭവിക്കുന്നതിനാല്‍ അതുതന്നെയാകണം സ്വാഭാവികമായ പ്രതീകം.
















