കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യ ഗ്രൗണ്ടാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയം. ചരിത്രത്തില്‍ പത്താം തവണയാണ് കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയം ഏകദിന ക്രിക്കറ്റിന് വേദിയാകുന്നത്. പതിനാറ് വര്‍ഷത്തിനിടെയാണ് കൊച്ചി 10 zഏകദിനങ്ങള്‍ക്ക് വേദിയാകുന്നത്. മുന്‍പ് നടന്ന ഒന്‍പത് കളികളില്‍ ഒരെണ്ണം മഴമൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചപ്പോള്‍ ബാക്കി എട്ട് കളികളില്‍ ആറിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. 2010 ഒക്ടോബര്‍ 17ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ കളിയാണ് കനത്ത മഴയെത്തുടര്‍ന്ന് ഒരുപന്തുപോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചത്.
1998 ഏപ്രില്‍ ഒന്നിനാണ് കൊച്ചിയില്‍ ആദ്യ രാജ്യാന്തര ഏകദിനം നടന്നത്. എതിരാളികള്‍ ഓസ്‌ട്രേലിയ. മത്സരത്തില്‍ അജയ് ജഡേജയുടെ (105 നോട്ടൗട്ട്) ബാറ്റിംഗ് മികവിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (32ന് അഞ്ച് വിക്കറ്റ് ) ബൗളിംഗ് മികവിെന്റയും കരുത്തില്‍ ഇന്ത്യ 41 റണ്‍സിന് വിജയിച്ചു. മാന്‍ ഓഫ് ദി മാച്ചായി സച്ചിന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രണ്ട് വര്‍ഷത്തിനുശേഷമാണ് രണ്ടാം ഏകദിനം നടന്നത്. 2000 മാര്‍ച്ച് ഒമ്പതിന് ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു പോരാട്ടം. ഈ മത്സരത്തില്‍ ഇന്ത്യ മൂന്നുവിക്കറ്റിന്റെ വിജയം ആഘോഷിച്ചു. 92 റണ്‍സെടുത്ത അജയ് ജഡേജ മാന്‍ ഓഫ് ദി മാച്ചായി. 2002 മാര്‍ച്ച് 13ന് നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ സിംബാബ്‌വെ. ഈ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടു. 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ സിംബാബ്‌വെയുടെ ഡഗ്ലസ് ഹോണ്ടോ മത്സരത്തിലെ താരമായി. നാലാം മത്സരത്തിനായി കൊച്ചിക്ക് മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2005 ഏപ്രില്‍ 2ന് നടന്ന കളിയില്‍ ഇന്ത്യക്ക് എതിരാളികളായി വന്നത് പാക്കിസ്ഥാന്‍. മത്സരത്തില്‍ ഇന്ത്യ 87 റണ്‍സിനു വിജയിച്ചു. 108 റണ്‍സെടുത്ത വീരേന്ദ്ര സേവാഗ് ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്. സച്ചിന്‍ 50 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റെടുത്തു. സച്ചിന്റെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം. 2006 ഏപ്രില്‍ ആറിനായിരുന്നു കൊച്ചിയിലെ അഞ്ചാം ഏകദിനം. ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. കളിയില്‍ ഇന്ത്യ നാല് വിക്കറ്റിനു ജയിച്ചു. 48 റണ്‍സ് നേടുകയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്ത യുവരാജ് സിംഗ് ഈ കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി. 2007 ഒക്ടോബര്‍ രണ്ടിന് കൊച്ചിയിലെ ആറാം ഏകദിനം അരങ്ങേറി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ 84 റണ്‍സ് പരാജയപ്പെട്ടു. കൊച്ചിയില്‍ ഇന്ത്യയുടെ രണ്ടാം പരാജയം. ഓസ്‌ട്രേലിയക്ക് വേണ്ടി പുറത്താകാതെ 87 റണ്‍സ് നേടിയ ബ്രാഡ് ഹാഡിനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. പിന്നീട് മൂന്നുവര്‍ഷത്തിനുശേഷം 2010-ല്‍ ഓസ്‌ട്രേലിയ ഒരിക്കല്‍ കൂടി കൊച്ചിയിലെത്തിയെങ്കിലും മഴകാരണം ഉപേക്ഷിച്ചു. വീണ്ടും മൂന്നുവര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു മറ്റൊരു ഏകദിനത്തിനായി കൊച്ചിക്ക്. 2013 ജനുവരി 15ന് നടന്ന കളിയില്‍ ഇന്ത്യക്ക് എതിരാളികളായി വന്നത് ഇംഗ്ലണ്ട്. ഇൗ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് 127 റണ്‍സിനും. പുറത്താകാതെ 61 റണ്‍സ് നേടുകയും രണ്ട് ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്ത ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദി മാച്ചായി.
2013-ല്‍ തന്നെ കൊച്ചി മറ്റൊരു രാജ്യാന്തര ഏകദിനത്തിനും വേദിയായി. നവംബര്‍ 21ന് നടന്ന മത്സരത്തില്‍ എതിരാളികളായി എത്തിയത് വെസ്റ്റിന്‍ഡീസ്. ഈ കളിയില്‍ ഇന്ത്യ വിജയിച്ചത് 6 വിക്കറ്റിന്. 86 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച വിരാട് കോഹ്‌ലി മാന്‍ ഓഫ് ദി മാച്ചുമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച വിജയത്തിനുശേഷം സ്വന്തം മണ്ണില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീം ഇവിടെയും ജൈത്രയാത്ര തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കൊച്ചിയില്‍ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചിലും ടീമുകള്‍ 250 റണ്‍സിലധികം സ്‌കോര്‍ ചെയ്തിരുന്നു. ഇതില്‍ മൂന്ന് തവണ 300 റണ്‍സ് പിന്നിടുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരെ 1998ല്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയ 309 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍. 2002ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ നേടിയ 197 റണ്‍സാണ് ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍. മൂന്ന് സെഞ്ച്വറികളാണ് കൊച്ചിയില്‍ ഇതുവരെ പിറന്നിട്ടുള്ളത്. ഇന്ത്യയുടെ അജയ് ജഡേജ, വിരേന്ദര്‍ സെവാഗ്, ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റണ്‍ എന്നിവരാണ് കൊച്ചിയിലെ സെഞ്ച്വറി വീരന്മാര്‍. 2000ല്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റണ്‍ നേടിയ 115 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
















