നിങ്ങള്‍ ചെയ്യേണ്ടതെന്തോ അത് ചെയ്തു തന്നെ തീരണം. ചെയ്യാന്‍ പാടില്ലാത്തത് ഒരിക്കലും ചെയ്യരുത്. ഈ വിവേകവും ആത്മീയശക്തിയും പരാശക്തിയുമായി ബന്ധം പുലര്‍ത്തുമ്പോള്‍ കൈവരും. മാര്‍ഗ്ഗമദ്ധ്യത്തിലുള്ള തടസ്സങ്ങള്‍ മുന്‍കൂട്ടി അറിയുമ്പോള്‍ അവരെ തരണംചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ കണ്ടെത്തണം. വിവേകമാകുന്ന ദീപം പ്രകാശമാനമാക്കി നിങ്ങളുടെ മുന്‍പില്‍ പിടിച്ച് ധര്‍മ്മങ്ങള്‍ സ്വയം അനുഷ്ഠിക്കുക.
എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ് നല്ലപോലെ ചിന്തിക്കുക. ഒരു വികാരത്തിനും അടിമയാകാതെ കഴിയണം ഒരാള്‍ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ വിവേകയുക്തരാകണം. വേണ്ടപോലെ വിശകലനം ചെയ്യാതെ തീരുമാനമെടുക്കാന്‍ തിരക്ക് പിടിക്കരുത്. തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കുന്നത് ആപല്‍ക്കരമാണ്. ഒരിക്കലും പക്ഷം പിടിക്കരുത്. ഗുരു എന്തെങ്കിലും നിര്‍ദ്ദേശിക്കുമ്പോള്‍ വിവേചിക്കാനും വിശകലനം ചെയ്യാനും പുറപ്പെടരുത്.
നിരുപാധികം ഗുരുവിനെ അനുസരിക്കുന്നതുതന്നെ വിവേചന പ്രക്രിയയാണ്. ഗുരുവചനം നിങ്ങളുടെ പ്രമാണമായിത്തീരട്ടെ. ഗുരുവാക്യത്തിനു എതിരായിട്ടുള്ള ഏതും പൂര്‍ണമായി വര്‍ജ്ജിക്കപ്പെടണം.
നിങ്ങള്‍ക്ക് അനുസരണയുണ്ടെങ്കില്‍ അമ്മ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അനുസരിച്ചാലും ഇല്ലെങ്കിലും. ചിലപ്പോള്‍ അപ്രതിരോദ്ധ്യമായ മാതൃവാത്സല്യത്തില്‍ വീണ്ടും വീണ്ടും നിര്‍ദ്ദേശങ്ങള്‍ തന്നെന്നുവരും. ഗുരുവിനോടുള്ള അനുസരണം പുഷ്പദളപൂരിതവും ജ്ഞാനദീപവുമായ രാജവീഥിയാണ്. അമ്മ സമഗ്ര പ്രേമമാണ്. നിങ്ങള്‍ക്ക് പൂര്‍ണ കൃപാമയിയായ മാര്‍ഗദീപവും പ്രകാശവുമായി അമ്മ നിങ്ങളുടെ മദ്ധ്യത്തില്‍ വന്നിരിക്കുകയാണ്. നിങ്ങളുടെ ഉദ്ധാരണമാണ് ഗുരുവിന്റെ പരമലക്ഷ്യം. നിങ്ങള്‍ അനുസരിച്ചാല്‍ ലക്ഷ്യത്തില്‍ അതിവേഗം എത്താന്‍ കഴിയും. മറിച്ചാണെങ്കില്‍ ഒരു കാര്യം ഓര്‍മ്മിച്ച്‌കൊള്ളിന്‍, നിങ്ങളെ പഠിപ്പിക്കാന്‍ ഈശ്വരന്റെ മറ്റൊരു ഭാവമായ പ്രകൃതി കാത്തുനില്‍പ്പുണ്ടെന്ന്.
ആദ്ധ്യാത്മികജീവിതം ശിക്ഷണാധിഷ്ഠിതമായ ഒരു ജീവിതമാണ്. മനസ്സിന്റെ ചാപല്യങ്ങള്‍ക്കും വ്യാമോഹങ്ങള്‍ക്കും അനുസൃതമായി ജീവിക്കുന്നതിന് ശിക്ഷണത്തിന്റെ ആവശ്യമില്ല. മനസ്സിനെ കീഴടക്കാന്‍ നിങ്ങള്‍ നിഷ്ഠയോടെ സാധനചെയ്യണം. സാധനയുടെ ആവശ്യമില്ലാത്ത അവതാരങ്ങളും ജീവന്മുക്തന്മാര്‍പോലും അത്യുഗ്രമായ തപസ്സ് അനുഷ്ഠിച്ചിരുന്നതായി കാണാവുന്നതാണ്.
















