ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ താരമായി ജപ്പാന്റെ കൊസുഗെ ഹാഗിനോയെ തെരഞ്ഞെടുത്തു. നീന്തലില്‍ മത്സരിച്ച ഏഴ് ഇനങ്ങളിലും മെഡല്‍ നേടിയാണ് ജപ്പാന്റെ 20 കാരനായ ഹാഗിനോയെ ഗെയിംസിന്റെ താരമായത്. നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് കൊസുഗെ ഹാഗിനോ സ്വന്തമാക്കിയത്. നീന്തല്‍ക്കുളത്തിലാണ് ഹാഗിനോ വിസ്മയം തീര്‍ത്തത്. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 200, 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ, 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയില്‍ സ്വര്‍ണ്ണവും 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും 100, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ വെങ്കലവുമാണ് ഹാഗിനോ നേടിയത്. ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് ഗെയിംസിലെ മോസ്റ്റ് വാല്യുബള്‍ പ്ലെയറായി ജപ്പാന്‍ താരത്തെ തെരഞ്ഞെടുത്തത്. ഗെയിംസിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ജപ്പാന്‍ ഈ ബഹുമതി സ്വന്തമാക്കുന്നത്. 1998-ല്‍ അത്‌ലറ്റായ കോജി ഇറ്റോ, 2002-ല്‍ നീന്തല്‍താരം കൊസുകെ കിറ്റാജിമയും ഈ ബഹുമതി നേടിയിട്ടുണ്ട്.
















