മാതാവിന്റെ ഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന അന്ധകാരത്തില്‍ ശിശു സുരക്ഷിതമായി ഉറങ്ങുന്നു. ഈ ഭൂമിയില്‍ ജനിച്ചുവീഴുന്ന നിമിഷം നിദ്രയില്‍നിന്നും ശിശു ഉണര്‍ത്തപ്പെടുന്നു. അതിന്റെ നിഷ്‌കളങ്കതിയാകുന്ന സൗന്ദര്യത്താല്‍, മാതാവിന്റെ ആലിംഗനത്തിന്റെ ഇളംചൂടിലേയ്‌ക്ക് അത് ചുരുണ്ടുകൂടുന്നു. ഈ ഭൂമിയിലെ നിലനില്പിനുവേണ്ടി മാതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നു. മാതാവ് ആ അരുമകുഞ്ഞിനെ ഭഗവല്‍പാദങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. ”ഹേ പ്രഭൂ! ഈ പാദങ്ങളാകുന്ന ശയ്യയില്‍ എന്റെ കുഞ്ഞിനെ ഉറക്കിയാലും അങ്ങയുടെ ദൃഷ്ടികളുടെ ദീപ്തി കണ്ടവനുണരട്ടെ. അങ്ങയുടെ മന്ദഹാസത്തിന്റെ ജ്യോതിസ്സില്‍ ഇവന്‍ കളിയ്‌ക്കട്ടെ. അങ്ങയുടെ ഹൃദയത്തിന്റെ താളാത്മകമായ സ്പന്ദനം കേട്ടവന്‍ സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കട്ടെ. അങ്ങയുടെ അനുഗൃഹീതമായ ശബ്ദസൗകുമാര്യത്താല്‍ പടിയ ഗാനം കേട്ടവന്‍ ഉണരട്ടെ. അങ്ങയുടെ ആലിംഗനത്തിന്റെ ഊഷ്മളതയിലേക്ക് അവന്‍ തിരിച്ചുപോകട്ടെ. എല്ലാ മാതാക്കളുടെയും മാതാവായ ഭഗവാനേ, മാതൃധര്‍മ്മം തന്നെ അവരുടെ പ്രാര്‍ത്ഥനയായി മാറിയപ്പോള്‍ ഈ ജീവിതം ഈശ്വരന് വേണ്ടിയുള്ള നൈവേദ്യമായി മാറുന്നു. കുഞ്ഞ് അന്തര്‍മുഖനായി വളരുന്നു. ഈ ഭുവനത്തിലെ യാതൊന്നുംതന്നെ അവനെ സ്പര്‍ശിക്കാതെയും, സുരക്ഷിതനായും, ഇന്നത്തേയ്‌ക്കും, എന്നത്തേയ്‌ക്കും അവന്‍ ഭഗവാന്റെ കാന്തിയില്‍ അഭയം തേടുന്നു.
















