അഹങ്കാരം എന്നാല്‍ എന്താണ്? അഹങ്കാരം എന്നാല്‍ ‘മിഥ്യ’ അതായത് തെറ്റായ ധാരണയാണ്. ഈ പ്രപഞ്ചം യഥാര്‍ത്ഥമാണെന്ന് ധരിക്കുക. അതിനു കാരണം സൃഷ്ടി തന്നെയാണ്. ഈശ്വരന്റെ ചൈതന്യാംശമായ ജീവന് ‘രൂപകല്‍പ്പന’ ചെയ്യുന്നതിനെയാണ് ‘സൃഷ്ടി’ എന്നുപറയുന്നത്. അത് സാത്വിക-രാജസ-താമസ ഗുണങ്ങളാണ്. സത്വഗുണപ്രധാനമായ ‘മഹത്തത്വം’ മായയില്‍ പ്രതിബിംബരൂപേണ സ്ഥിതി ചെയ്യുന്നതായ ഈ ജീവങ്കല്‍ ‘ഞാന്‍’ (അഹം) എന്ന ജ്ഞാനത്തെ ഉണ്ടാക്കുന്നു. ‘ഞാന്‍’ എന്ന ഈ ബോധത്തെയാണ് ”ഞാന്‍ കണ്ടു”, ”ഞാന്‍ കേട്ടു” ”ഞാന്‍ ചെയ്തു”, ”ഞാന്‍ പറഞ്ഞു” എന്നിങ്ങനെ ”ഞാന്‍” (അഹം)-കാരമാകുന്നത്.
‘ചിദാത്മാവ്’ സത്വാദിഗുണങ്ങള്‍, കാലം എന്നിവയുടെ ചേര്‍ച്ച കൊണ്ടുണ്ടാകുന്ന ഒരു തത്വമാണ്. ‘മഹത്തത്വം’ ഇതില്‍ തമോഗുണം അധികമായിട്ട് ”വികല്പ”ത്തിന്റെ (സംശയത്തിന്റെ) ‘അത്’ ‘ഇത്’ എന്ന ബോധമുളവാകുന്ന അഹങ്കാരതത്വത്തെ സൃഷ്ടിച്ചു. ഈ ചരാചരങ്ങളെല്ലാം അഹങ്കാരത്തില്‍ നിന്നുണ്ടായതാണ്. ചിത്തത്തില്‍ അഹങ്കാരം തന്നെയാണുണ്ടാകുന്നത്.
ഈ അഹങ്കാരവും മൂന്നുവിധമാണ്. സാത്വികം, രാജസം, താമസം എന്നിങ്ങനെ. അവയെ ജ്ഞാനശക്തി, ക്രിയാശക്തി, അര്‍ത്ഥശക്തി (ദ്രവ്യശക്തി) എന്ന് തരംതിരിച്ചിരിക്കുന്നു.
ജനിച്ചവയെല്ലാം ”ജന്തുക്കള്‍” എന്നും ഉണ്ടായവയെല്ലാം ‘ഭൂതങ്ങള്‍’ എന്നും പറയുന്നു. ഭൂതങ്ങളുടെ ആദിയും വികാരത്തെ പ്രാപിച്ചതുമായ താമസാഹങ്കാരത്തിന് ആകാശമുണ്ടായി. ആകാശത്തിന്റെ ഗുണം ശബ്ദമാണ്. (അതുകൊണ്ട് ഉറക്കെ ശബ്ദമുണ്ടാക്കുമ്പോള്‍, ഉറക്കെ സംസാരിക്കുമ്പോള്‍, നാമും അവയെ അഹങ്കാരമെന്നു പറയുന്നത്.)
”ലക്ഷ്മീ പ്രദാന സമയേ-നവവിദ്രുമാഭാം” എന്നതിലെ ലക്ഷ്മീരൂപം രജസ്സാണ്.
”വിദ്യാ പ്രദാന സമയേ- ശരദിന്ദു ശുഭ്രാം”
എന്നതിലെ ‘സരസ്വതീ’രൂപം സാത്വികമാണ്.
”വിദ്വേഷി വര്‍ഗ്ഗ വിജയേളപി തമാല നീലാം”
എന്നതിലെ ‘കാളി’ രൂപം തമസ്സാണ് (ദുര്‍ഗ്ഗാരൂപം)
”ദേവിം ത്രിലോകജനനീം ശരണം പ്രപദ്യേ” അങ്ങനത്തെ ത്രിഗുണാത്മികയായ ത്രിപുര സുന്ദരിയെയാണ് നാം ഭജിക്കേണ്ടത്. അങ്ങനെ മൂന്നു ഭാവങ്ങളായ മൂന്നുഗുണങ്ങളില്‍ പ്രകാശിക്കുന്ന ”ക്രിയാശക്തി” രജോഗുണമാണ്. അതിനാല്‍ അത് രക്തവര്‍ണമാണ്. അത് അസന്തോഷത്തെ അതായത് വീണ്ടും വീണ്ടും ചെയ്യണമെന്ന തോന്നലിനെ ഉണ്ടാക്കുന്നതാണ്. ചെയ്യുന്ന പ്രവൃത്തിയില്‍ സന്തോഷം (സംതൃപ്തി)യില്ലാത്തതിനാലാണ് അതു സംഭവിക്കുന്നത്. മഹാദ്വേഷം, മഹാദ്രോഹം, മത്സരം, ഡംഭ്, നിദ്ര, അത്യാഗ്രഹം ഇതെല്ലാം രാജസത്തിന്റെ ഗുണമാണ്.
ആ ദേവി തന്നെയാണ് തമോഗുണ പ്രധാനിയായി ‘മഹാകാളീ’രൂപത്തില്‍ (ദുര്‍ഗ്ഗാ രൂപത്തില്‍) ശത്രുക്കളെ ഇല്ലാതാക്കുന്നത്. തമോഗുണം-മോഹം, ദുഃഖം, മടി, നിദ്ര, കോപം, അന്യരുടെ കുറ്റം കാണുകയും, പറയുകയും (പരദൂഷണം), അന്യരെ ദ്രോഹിക്കുകയും എല്ലാം തമോഗുണം തന്നെ!
സത്യം, ശ്രദ്ധ, ക്ഷമ, ദയ, അനുകമ്പ, ശാന്തി, സന്തോഷം, സംതൃപ്തി മുതലായവയുണ്ടാക്കുന്നവയാണ് സത്വഗുണം. ധര്‍മത്തില്‍ അധിഷ്ഠിതമായി,സദ്‌വിചാരത്തെ ഉണ്ടാക്കുന്നതും സദ്പ്രവൃത്തികള്‍ ചെയ്യുന്നതും ദുഷ്ടവിചാരങ്ങളെ അകറ്റുന്നതും എല്ലാം സാത്വിക ഗുണമാണ്. അതിനെയാണ് ജ്ഞാനം-വിദ്യ-എന്നുപറയുന്നത്. അത് ശരത്കാല ചന്ദ്രനെപ്പോലെ തെളിഞ്ഞ പ്രകാശം ചൊരിയുന്ന ശുഭ്രമാണ്. അത് വിദ്യയാണ്, ജ്ഞാനമാണ്, അതുതന്നെയാണ് സരസ്വതീ ദേവി.
ഈ മൂന്നു ഗുണങ്ങളോടുകൂടിയ ത്രിമൂര്‍ത്തികളെയാണ്, അഷ്ടമി, നവമി, ദശമി എന്നീ നാളുകളില്‍ ഭജിക്കുന്നത്. ശുദ്ധമായിട്ടുള്ള സത്വ-രജ-തമോഗുണങ്ങള്‍ ഒരിക്കലും തനിയെ നില്‍ക്കില്ല. പരസ്പരം ആശ്രയിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. ‘മഹാമായ’യാല്‍ ഉണ്ടാക്കപ്പെടുന്നതാണ് ഈ വിശ്വം. ഇത് സത്തും അസത്തും ആണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, സൂര്യന്‍, ചന്ദ്രന്‍, വായു, കാലന്‍ തുടങ്ങിയ എല്ലാവര്‍ക്കും കാര്യം നടത്താന്‍ ശക്തി വേണം. അല്ലെങ്കില്‍ ഇളകാന്‍പോലും ശക്തിയുണ്ടാകില്ല. ജഗത്തിന്റെ കാരണം തന്നെ സാക്ഷാല്‍ പരമേശ്വരിയാണ്. ഈ ഭൂതങ്ങളുടെയെല്ലാം കാരണക്കാരിയാണ്. സാത്വികം പ്രകാശമാകുമ്പോള്‍ അറിവുണ്ടാകുമ്പോള്‍-താമസമായ കാര്യങ്ങളില്‍ വൈരാഗ്യം വരുന്നു. സാത്വികത്തില്‍-ബുദ്ധിയില്‍ ധര്‍മബോധം വരുന്നു. ധര്‍മബോധമുണ്ടായാല്‍ രജസ്സിന്റെയും തമസ്സിന്റെയും ദോഷങ്ങളെ കളഞ്ഞ് മോഹത്തെ ക്ഷയിപ്പിക്കുന്നു. അതാണ്-മോഹങ്ങളുടെ ക്ഷയമാണ്-യഥാര്‍ത്ഥ മോക്ഷം! മോഹങ്ങളില്ലാതായാല്‍ ദുഃഖം ഇല്ലാതാകും!ആ ദേവിയുടെ പൂജ, വിധിപോലെ, ഭക്തിയോടെ ചെയ്യൂ. പൂജ ചെയ്യാനറിയാത്തവര്‍ നാമം മാത്രം ജപിച്ചാലും അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ആ ദേവി പ്രദാനം ചെയ്യുന്നു.!
(തുടരും)
















