നിങ്ങള്‍ ഉണര്‍ന്നിരുന്ന് ആളുകളുടെ ജീവിതം നിരീക്ഷിക്കുകയാണെങ്കില്‍ അത് എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് മനസ്സിലാകും. അവര്‍ രാവും, പകലും ജോലിയെടുക്കുന്നു. ഒരു ഒഴിവുദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. ആഴ്ച മുഴുവനും ഭ്രാന്തമായി ജോലിയെടുക്കുന്നു. ക്ഷീണിച്ചു വീട്ടിലെത്തുന്നു, ആഹാരം കഴിക്കുന്നു, കിടന്നുറങ്ങുന്നു. എല്ലാ ദിവസവും ഇതുതന്നെയാണ് ചെയ്യുന്നത്. തികച്ചും യാന്ത്രികമായ ജീവിതം! ഓരോ വാരത്തിനും ഒരു പ്രത്യേക ചിട്ട, വാരാന്ത്യത്തിന് മറ്റൊരു ചിട്ട. അത്രയേയുളളൂ വ്യത്യാസം. മറ്റെല്ലാം പഴയപോലെതന്നെ, അതേ പരദൂഷണവും, അതേ ഒത്തുകൂടലും, അതേ മദ്യപാനവും, അതേ സിനിമകളും, അതേ വര്‍ത്തമാനങ്ങളും ഇതാണ് യഥാര്‍ത്ഥ വിഡ്ഢിത്തം.
ബില്ലുകളടച്ചുതീര്‍ക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ജനിച്ചിരിക്കുന്നത്? കറന്റുബില്ലും, ഫോണ്‍ബില്ലും, നികുതിയുമടയ്‌ക്കാന്‍ മാത്രമാണ് നിങ്ങള്‍ ജനിച്ചിരിക്കുന്നതെങ്കില്‍ ജീവിതത്തിന് എന്താണൊരു രസം! ജീവിതം സ്വയംപൂര്‍ണമായി ജീവിച്ചുതീര്‍ക്കുന്നതിനു വേണ്ടിയുള്ളതാണ്.
സസൂഷ്മം നിരീക്ഷിച്ചാല്‍ നമ്മുടെ കളികളുള്‍പ്പെടെയുള്ള എല്ലാ വിനോദപരിപാടികളും വിഡ്ഢിത്തങ്ങള്‍തന്നെയാണെന്ന് മനസ്സിലാകും. പക്ഷേ, അതു തിരിച്ചറിയാനാവാത്ത വണ്ണം നിങ്ങളതില്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റൊരു ഗ്രഹത്തില്‍നിന്നോ ചൊവ്വാഗ്രഹത്തില്‍നിന്നോ മറ്റോ ഒരാള്‍ ഇവിടെവന്ന് ഇതെല്ലാം കാണുന്നുവെന്ന് കരുതുക. ഒരു സംഘം കുട്ടികള്‍ ചേരിതിരിഞ്ഞ് ഒരു പന്തെടുത്ത് കുട്ടയിലിടാന്‍ വേണ്ടി മത്സരിക്കുന്നു.
ഇത് കാണാന്‍ വേണ്ടി കുറെപേരുമുണ്ട്. അന്യഗ്രഹക്കാരന് ഇത് പരിപൂര്‍ണവിഡ്ഢിത്തമാണെന്നു തോന്നും. നടുക്കൊരു പന്തും, പിന്നെ അങ്ങോട്ടുമിങ്ങോട്ടും തട്ടാന്‍ കുറെ കുട്ടികളും! എന്തിനാണീ ബുദ്ധിമുട്ടൊക്കെ? പന്ത് ഏതുകുട്ടയിലിട്ടാലെന്താ? ഇതിലിട്ടാലും അതിലിട്ടാലും ഒരുപോലെയല്ലേ? ഫുട്‌ബോളും, ബാസ്‌കറ്റ്‌ബോളും കളിക്കുന്നത് ഒരുപോലെ മണ്ടത്തരം തന്നെ. ബാക്കിയുള്ളവര്‍ ഗ്യാലറിയില്‍ മണിക്കൂറുകളിരുന്ന് കൂവുന്നു, അലറുന്നു, കൈകൊട്ടുന്നു. ഈ നാടകം മുഴുവന്‍ നിങ്ങള്‍ മാറിനിന്നുകൊണ്ട് വീക്ഷിച്ചുനോക്കുക. ശരിക്കും ഇതിലൊന്നുമില്ല.
















