കുട്ടിയെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ ടെന്‍ഷന്‍ അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാരണം അമ്മയുടെ ടെന്‍ഷന്‍, വയറ്റില്‍ കിടക്കുന്ന കുട്ടിക്കു രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അതിനാലാണ് ഗര്‍ഭിണിയായിരിക്കുന്ന സമയം സ്ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, ആശ്രമങ്ങള്‍ സന്ദര്‍ശിക്കണം, ഗുരുക്കന്മാരില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കണം എന്നും മറ്റും പറയുന്നത്. എന്നാല്‍ ഇന്നു ലഭിക്കുന്ന ഭൗതികസുഖഭോഗങ്ങള്‍ എപ്പോഴും മനസ്സിന്റെ ചലനം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.
അതുപോലെ കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന കാര്യത്തിലും അമ്മമാര്‍ ശ്രദ്ധിക്കണം. അതു പ്രേമത്തിന്റെ പാലാണ്. കുഞ്ഞിനോടുള്ള പ്രേമം കൊണ്ട് ഊറുന്നതാണത്. കൂടാതെ എളുപ്പം ദഹിക്കുന്ന വളരെയധികം പോഷകാംശങ്ങളും അതിലുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും എല്ലാം അത്യുത്തമമാണ്. മുലപ്പാലിനു തുല്യം മുലപ്പാല്‍ മാത്രമേയുള്ളൂ.
















