816. ശംബരഘ്‌നഃ – ശംബരന്‍ എന്ന അസുരനെ വധിച്ചവന്‍. ശംബരന്‍ എന്ന അസുരരാജാവ് ദേവന്മാരെ വളരെ ദ്രോഹിച്ചു. കാമദേവന്‍ പ്രദ്യുമ്‌നനായി ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും പുത്രനായി ജനിച്ച് ശംബരനെ വധിക്കുമെന്ന് ദേവന്മാര്‍ ശംബരനെ ശപിച്ചു. രുഗ്മിണിക്ക് ഒരു ആണ്‍കുഞ്ഞു പിറന്നപ്പോള്‍ ശംബരന്‍ മായയില്‍ മറഞ്ഞ് സൂതികാഗൃഹത്തില്‍ കടന്ന് ശിശുവിനെ അപഹരിച്ച് കടലില്‍ എറിഞ്ഞു. ഒരു മത്സ്യം ശിശുവിനെ വിഴുങ്ങി. ആ മീന്‍ ഒരു മുക്കുവന്റെ വലയില്‍പ്പെട്ടു. മുക്കുവന്‍ ആ മീനിനെ ശംബരനു കാഴ്ചവച്ചു. അക്കാലത്ത് രതീദേവി മായാവതി എന്നപേരില്‍ ശംബരന്റെ കൊട്ടാരത്തില്‍ ദാസിയായി കഴിയുകയായിരുന്നു. ശംബരന്‍ മത്സ്യത്തെ പാകം ചെയ്യാനായി ദാസിയെ ഏല്‍പ്പിച്ചു. മത്സ്യത്തിന്റെ വയറ്റില്‍ ശിശുവിനെ ജീവനോടെ കണ്ട മായാവതി അതു തന്റെ നാഥനായ കാമനാണെന്നും തിരിച്ചറിഞ്ഞു. മായാവതി ശിശുവിനെ രഹസ്യമായി വളര്‍ത്തി. ശിശു വളര്‍ന്ന് യുവാവായപ്പോള്‍ മായാവതി താനാരാണെന്നും തന്റെ ഭര്‍ത്താവാണു പ്രദ്യുമ്‌നനെന്നും അറിയിച്ചു. പ്രദ്യുമ്‌നന്‍ ശംബരനെ എതിര്‍ത്തു യുദ്ധം ചെയ്തു വധിച്ചു.
817. വിശ്വജിഷ്ണുഃ – വിശ്വത്തെ ജയിക്കുന്നവന്‍. കാമദേവനു കീഴ്‌പ്പെടാത്തവരായി ലോകത്ത് ആരുംതന്നെയില്ല. ശര്‍വനെ ജയിച്ച കഥ മുന്‍പു പറഞ്ഞു. മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ.
(തുടരും)
















