ഇഞ്ചിയോണ്‍: പുരുഷ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ഇന്ന് അഗ്നിപരീക്ഷ. പൂള്‍ ബിയില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍. സമനിലയെങ്കിലും പിടിച്ചാല്‍ ഇന്ത്യയ്‌ക്ക് സെമിയിലെത്താം. തോറ്റാല്‍ നാട്ടിലേക്കു മടങ്ങാം. ആറു പോയിന്റോടെ ഒപ്പം നില്‍ക്കുന്ന ചൈനയ്‌ക്കുമേല്‍ ഗോള്‍ ശരാശരി ഇന്ത്യയ്‌ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയുടെ നില പരുങ്ങലിലാക്കുകയായിരുന്നു. പാക് പടയ്‌ക്കെതിരെ ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ പാളി.
ചൈനയുമായി സമനിലയ്‌ക്കുവേണ്ടി കളിച്ചാല്‍ അത് അപകടകരമാകുമെന്ന് സര്‍ദാര്‍ സിങ്ങിനും കൂട്ടര്‍ക്കുമറിയാം. അതിനാല്‍ത്തന്നെ ആക്രമണ ഹോക്കി കെട്ടഴിക്കാനാവും ഇന്ത്യ ശ്രമിക്കുക.
വനിതകള്‍ സെമിയില്‍
ഇഞ്ചിയോണ്‍: വനിതാ ഹോക്കിയില്‍ മലേഷ്യയെ നിലംപരിശാക്കി ഇന്ത്യ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. പുള്‍ എയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ പെണ്‍പുലികളുടെ ജയം. സൂപ്പര്‍ താരം റാണി റാംപാലും ജസ്പ്രീത് കൗറും രണ്ടുഗോളുകള്‍ വീതം നേടി. നമിത തോപ്പോ, വന്ദന കടാരിയ എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. മലേഷ്യയുടെ ആശ്വാസഗോള്‍ ക്യാപ്റ്റന്‍ നാദിയ അബ്ദുള്‍ റഹ്മാന്‍ കണ്ടെത്തി.
കരുത്തരായ ചൈനയോട് കഴിഞ്ഞ മത്സരത്തില്‍ തോറ്റതിനാല്‍ മലേഷ്യയുമായുള്ള മുഖാമുഖം ഇന്ത്യയ്‌ക്ക് നിര്‍ണായകമായിരുന്നു. അതിനാല്‍ത്തന്നെ വ്യക്തമായ പദ്ധതികളുമായി ഇന്ത്യ കളത്തിലിറങ്ങി. ഒഴുക്കുള്ള പാസുകളോടെ എതിരാളിയെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. 4-ാം മിനിറ്റില്‍ റാണി ടീമിനെ മുന്നിലെത്തിച്ചു (1-0). 9, 17 മിനിറ്റുകളില്‍ ജസ്പ്രീതും നമിതയും സ്‌കോര്‍ഷീറ്റിലെത്തി (3-0). ആദ്യ പകുതിയില്‍ തന്നെ റാണി (20-ാം മിനിറ്റ്) ഡബിളും തികച്ചു (4-0). രണ്ടാം പകുതിയില്‍ ജസ്പ്രീതിനും (39) ഇരട്ടഗോളിന്റെ മധുരം (5-0). ഇതിനിടെ മലേഷ്യ ഒരു ഗോള്‍ മടക്കിയെങ്കിലും വന്ദന (50) ഇന്ത്യന്‍ സ്‌കോറിന് കൂടുതല്‍ ആധികാരികത സമ്മാനിച്ചു (6-1).
















