ഇഞ്ചിയോണ്‍: സ്‌ക്വാഷില്‍ ഇന്ത്യ മെഡല്‍ത്തിളക്കമേറ്റുന്നു. പുരുഷ, വനിതാ ടീം ഇനങ്ങളില്‍ ഇന്ത്യ ഇന്നലെ ഫൈനലില്‍ കടന്നു. ഇതോടെ രണ്ടു വെള്ളി മെഡല്‍ കൂടി രാജ്യം ഉറപ്പിച്ചു.
സെമിയില്‍, ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും അനക അലങ്കാമണിയും ഉള്‍പ്പെട്ട ടീം സിംഗപ്പൂരിനെ 2-0ത്തിന് നിഷ്പ്രഭമാക്കി. യുനോക് പാര്‍ക്കിനെ 11-6, 13-11, 11-8ന് തുരത്തി ജോഷ്‌നയാണ് വനിതാ ടീമിന് നല്ല തുടക്കം സമ്മാനിച്ചത്. തുടര്‍ന്ന് ദീപിക സുന്‍മി സോങ്ങിനെയും മറികടന്നു (11-4, 11-5, 8-11, 11-5). അതോടെ അനകയ്‌ക്കു കോര്‍ട്ടില്‍ ഇറങ്ങേണ്ടിവന്നില്ല.
സൗരവ് ഘോഷാല്‍ നയിച്ച പുരുഷ സംഘം കുവൈറ്റിനെ അതിജീവിച്ചതും 2-0 എന്ന സ്‌കോറിനു തന്നെ. ആദ്യ മുഖാമുഖത്തില്‍ മഹേഷ് മന്‍ഗോക്കര്‍ അല്‍ത്താമിമി അമറിനെയും (11-4, 11-3, 12-10) തുടര്‍ന്നുള്ള പോരാട്ടത്തില്‍ ഘോഷാല്‍ അല്‍മെസിയെന്‍ അബ്ദുള്ളയെയും തോല്‍പ്പിച്ചു (11-8, 7-11, 11-9, 5-11, 11-2).
















