ആദ്ധ്യാത്മിക സാധനാനുഷ്ഠാനത്തിന്റേതായ ആന്തരികമാര്‍ഗ്ഗത്തിലായാലും ശരി സ്വധര്‍മ്മാനുഷ്ഠാനത്തിന്റേതായ ബാഹ്യപ്രപഞ്ചത്തിലായാലും ശരി പുരോഗതി വേണമെങ്കില്‍ നിങ്ങളുടെ ബുദ്ധി സത്ബുദ്ധിയായിത്തീരണം. അതില്‍കൂടി മാത്രമേ നിങ്ങള്‍ക്ക് സത്യാസത്യങ്ങളെ വിവേചിച്ചറിയാന്‍ സാധിക്കുകയുള്ളൂ.
പുരോഗതി എന്നതിനര്‍ത്ഥം സത്യവസ്തുവിലേക്കോ അഥവാ ഈശ്വരനിലേക്കോ ഉള്ള പ്രയാണം എന്നാണ്. മിഥ്യയെ സത്യമായും അധര്‍മ്മത്തെ ധര്‍മ്മമായും തെറ്റിദ്ധരിച്ചാല്‍ ഒരു ചുവടെങ്കിലും ഈശ്വരോന്മുഖമായി വയ്‌ക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും. അതിനാല്‍ സത്യവും അസത്യവും തമ്മിലുള്ള വിവേചനം അത്യന്താപേക്ഷിതമാണ്.
സദ്ബുദ്ധിയില്ലാതെ സംസ്‌കാരസമ്പന്നമായ ഉത്കൃഷ്ടജീവിതം സാദ്ധ്യമല്ല. പുരാതനമായ ഭാരതീയ സംസ്‌കാരത്തിന്റെ വിശിഷ്ട ലക്ഷണങ്ങളായ ചാരിത്ര്യത്തേയും വിശുദ്ധിയേയും ഓരോരുത്തരും അവര്‍ രാജാവോ പ്രജയോ സന്ന്യാസിയോ ഗൃഹസ്ഥനോ ആരായാലും ശരി സദ്ബുദ്ധിയോടെ ജീവിക്കണം.
പ്രാരംഭദശയില്‍ വിവേകശക്തിയായി പ്രത്യക്ഷപ്പെട്ട് അന്ത്യത്തില്‍ ശുദ്ധ ബോധാവസ്ഥയിലേക്ക് സ്വയം രൂപാന്തരം പ്രാപിക്കുന്നത് സദ്ബുദ്ധിതന്നെയാണ്. പരമമായ പരിണാമം സംഭവിക്കുന്നതിനുമുമ്പായി ബുദ്ധിക്ക് സിദ്ധിക്കുന്ന പരിശുദ്ധിക്കനുസരണമായി വിഭിന്നങ്ങളായ വികസനഘട്ടങ്ങളെ തരണം ചെയ്യേണ്ടതായുണ്ട്. സാമാനേ്യന ഈ ഘട്ടങ്ങളെ മൂന്നായി തിരിക്കാം. നിശ്ചയാത്മകബുദ്ധി, നിര്‍മ്മലബുദ്ധി, നിശ്ചലബുദ്ധി.
ഈശ്വരാഭിമുഖേനയോ അഥവാ ഗുരുവചനത്തിലുള്ള ശ്രദ്ധയില്‍കൂടിയോ സംശയരഹിതരായി അചഞ്ചലരായി സത്യവസ്തുവിനോടും അത് നേടുവാനുള്ള മാര്‍ഗ്ഗത്തോടുമുള്ള ഭക്തിയില്‍ സ്ഥിരപ്രതിഷ്ഠിതരായി വര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ നിശ്ചയാത്മകബുദ്ധിയുടെ ഉടമകളായിരിക്കും. തന്നില്‍ സഹജമായിട്ടുള്ളത് ആത്മഭാവമാണെന്നും ഈശ്വരന്റെ സംരക്ഷണശക്തി സദാ തന്നോടൊപ്പമുണ്ടെന്നും ഈശ്വരേച്ഛയാണ് പരമപ്രധാനമെന്നും താന്‍ സദ്ഗുരുവിന്റെ ദിവ്യ കരങ്ങളില്‍ സുരക്ഷിതരാണെന്നുമുള്ള സുദൃഢമായ വിശ്വാസത്തെ സംജാതമാക്കുന്നതാണ് നിശ്ചയാത്മമകബുദ്ധി.
– രമാദേവി
















