ഇഞ്ചിയോണ്‍: പുരുഷന്മാരുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ പുരുഷന്മാര് കോംപൗണ്ട് ടീം ഇനത്തില്‍ ഫൈനലില്‍ പ്രവേശിച്ചതോടെയാണ് വെള്ളി ഉറപ്പിച്ചത്. അഭിഷേക് വര്‍മ്മ, രജത് ചൗഹാന്, സന്ദീപ്കുമാര്‍ എന്നിവരടങ്ങിയ ടീമാണ് ഫൈനലില്‍ എത്തിയത്. സെമിഫൈനലില്‍ ഇറാനെ 231-227 എന്ന സ്കോറിന് കീഴടക്കിയാണ് സ്വര്‍ണ്ണ മെഡലിനായുള്ള പോരാട്ടത്തിന് ഇന്ത്യ അര്‍ഹതനേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ദക്ഷിണ കൊറിയയാണ് എതിരാളികള്‍.
പ്രീ ക്വാര്‍ട്ടറില്‍ ഖത്തറിനെ 233-218 എന്ന സ്കോറിനും ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയെ 234-229 എന്ന സ്കോറിനും പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ്മയും വനിതാ വിഭാഗത്തില്‍ തൃഷ ദേബും സെമിയിലും പ്രവേശിച്ചു.
പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇറാനെതിരായ സെമിഫൈനലില്‍ പിന്നിട്ടുനിന്നശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ മുന്നേറിയത്. മൊത്തം 15 തവണയാണ് ഇന്ത്യ പത്ത് പോയിന്റില്‍ അമ്പ് കൊള്ളിച്ചത്.
വനിതാ ടീം ഇനത്തില്‍ ചൈനീസ് തായ്പേയിയോടാണ് ഇന്ത്യ സെമിഫൈനലില്‍ പരാജയപ്പെട്ടത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ കീഴടങ്ങിയത്. സ്കോര്‍: 224-226. അവസാന റൗണ്ടില്‍ ചൈനീസ് തായ്പേയിയുടെ മൂന്ന് താരങ്ങളും 10 പോയിന്റ് വീതം നേടിയപ്പോള്‍ ഇന്ത്യക്ക് രണ്ട് ഒന്‍പതും ഒരു പത്തും മാത്രമാണ് നേടാനായത്. ജ്യോതി സുരേഖയും തൃഷയും നഷ്ടപ്പെടുത്തിയ ഈ രണ്ടു പോയിന്റുകളാണ് വിധി ഇന്ത്യക്ക് എതിരാക്കിയത്. പൂര്വശയ്ക്ക് മാത്രമാണ് പത്ത് പോയിന്റ് നേടാനായത്.
നേരത്തെ കസാക്കിസ്ഥാനെ ഷൂട്ടോഫില്‍ പരാജയപ്പെടുത്തി സെമിയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായക പോരാട്ടത്തില്‍ ലക്ഷ്യം പിഴച്ചു.
പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ അഭിഷേക് വര്‍മ്മ കൊറിയയുടെ കൊറിയയുടെ യോങ്ഹീ ചോയിയെ 147-142ന് കീഴടക്കിയാണ് സെമിയിലെത്തിയത്. സെമിയില്‍ മലേഷ്യയുടെ മഹാസന്‍ മുഹമ്മദ് സാഖിയാണ് അഭിഷേകിന്റെ എതിരാളി.
വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ ഇറാന്റെ ശബ്നം ഷര്ലാക്കിനെയാണ് തൃഷ തോല്പിച്ചത്. സ്കോര്‍: 142-131. സെമിയില്‍ കൊറിയയുടെ സ്യൂക്ക് ജിഹ്യൂമാണ് തൃഷയുടെ എതിരാളി.
















