ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയിലെ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ രണ്ട് ക്വാര്‍ട്ടറും സമനിലയില്‍ കലാശിച്ച മത്സരത്തിന്റെ 39-ാം മിനിറ്റില്‍
ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മുഹമ്മദ് ബുട്ടയിലൂടെ പാക്കിസ്ഥാനാണ് ആദ്യം ലീഡ് നേടിയത്. 53-ാം മിനിറ്റില്‍ മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ നികിന് തിമ്മയ്യ ഇന്ത്യയെ ഒപ്പമെത്തിച്ചു. എന്നാല്‍, രണ്ടു മിനിറ്റിനുള്ളില്‍ തന്നെ വഖാസ് മുഹമ്മദിലൂടെ പാക്കിസ്ഥാന് വീണ്ടും ലീഡ് നേടി.
ജയത്തോടെ ഗ്രൂപ്പില്‍ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന് ഒന്നാമതെത്തി. കളിച്ച മൂന്ന് കളിയും ജയിച്ച പാക്കിസ്ഥാന് ഒന്‍പതും രണ്ടു കളി വീതം ജയിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും ആറ് പോയിന്റ് വീതവുമാണുള്ളത്. മികച്ച ഗോള്‍ ശരാശരിയുടെ ബലത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്കയെയും ഒമാനെയുമാണ് ഇന്ത്യ തോല്പിച്ചത്. ചൈനയ്ക്കെതിരെയാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം.
















