ഇന്നത്തെ സാഹചര്യം പണ്ടുള്ളതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. അന്ന് ജീവിതാവശ്യങ്ങള്‍ പരിമിതമായിരുന്നു. ഭാര്യയും ഭര്‍ത്താവും ജോലിചെയ്തു സമ്പാദിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പണ്ടു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വെറും പണ സമ്പാദനമായിരുന്നില്ല. അവനവനിലെ ആത്മസത്തയെ ഉണര്‍ത്തി പരമപദപ്രാപ്തിക്ക് അര്‍ഹത നേടുക എന്നതായിരുന്നു. അതിനുള്ള അറിവ് അന്നുള്ള സ്ത്രീകള്‍ക്കു ബാല്യത്തിലേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞു കുടുംബിനിയായി മാറുന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമായി കണക്കാക്കപ്പെട്ടു.
കുടുംബചെലവുകള്‍ക്കു വക കണ്ടെത്തിയിരുന്നതു പുരുഷന്‍ മാത്രമായിരുന്നു. അവിടെ ഭര്‍ത്താവു തന്റെ സ്വാതന്ത്ര്യം തടഞ്ഞുതന്നെ അടിമയാക്കുന്നു എന്നോ, ഭാര്യയാണു കുടുംബം ഭരിക്കുന്നതെന്നോ ഇരുവര്‍ക്കും തോന്നിയിരുന്നില്ല. കാരണം, രണ്ടുപേരെയും ബന്ധിച്ചിരുന്നത് സ്‌നേഹം ഒന്നുമാത്രമായിരുന്നു. അല്ലാതെ സ്വാര്‍ത്ഥതയല്ല. കുടുംബഭരണവും ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ശുശ്രൂഷയും കുട്ടികളുടെ സംരക്ഷണവും ഇതായിരുന്നു പണ്ടുള്ള സ്ത്രീകള്‍ സ്വധര്‍മ്മമായി കണ്ടത്. ഭര്‍ത്താവാകട്ടെ, പത്‌നിയുടെ സുഖവും സുരക്ഷിതത്വവും തന്റെ സന്തോഷമായി കരുതി. അങ്ങനെയുള്ള കുടുംബത്തില്‍ സംഘര്‍ഷത്തിനു സ്ഥാനമില്ല. അവിടെ ശാന്തിയാണു നിറഞ്ഞുനില്‍ക്കുന്നത്. മനുഷ്യനു സമാധാനം പകരുന്നതു സമ്പത്തോ സ്ഥാനമാനങ്ങളോ അല്ല, അവന്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരമാണ്. അതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി കൂടുതല്‍ വരുമാനം ലഭിക്കുന്ന ജോലി നേടണം എന്നു സ്ത്രീകള്‍ അന്നു ചിന്തിച്ചിരുന്നില്ല.
















