ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. ഇന്നലെ പൂള് എയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്ലന്റിനെയാണ് കീഴടക്കിയത്. നാല് ക്വാര്‍ട്ടറുകളിലായി നടന്ന കളിയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ഒന്നും മൂന്നും നാലും ക്വാര്ട്ടറുകളിലായിരുന്നു ഇന്ത്യ ഗോള്‍ നേടിയത്.
കളിയുടെ 15-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ പൂനം റാണിയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ കളിയുടെ 39-ാം മിനിറ്റില്‍ നല്ലൊരു ഫീല്‍ഡ് ഗോളിലൂടെ വന്ദന കഠാരി ലീഡ് ഉയര്‍ത്തി. നാലാം ക്വാര്‍ട്ടറില്‍ കളിയുടെ 53-ാം മിനിറ്റില്‍ ദീപിക മൂര്‍ത്തി മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചൈന ഏകപക്ഷീയമായ ഒരു ഗോളിന് മലേഷ്യയെ പരാജയപ്പെടുത്തി. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ കഴിഞ്ഞ മൂന്ന് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയ ചൈനയുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 8-0ന് തകര്‍ത്ത ഇന്ത്യന്‍ പുരുഷ ടീം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും.
ഒമാനാണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഒമാന്‍ ചൈനയോട് 5-0ന് പരാജയപ്പെട്ടിരുന്നു.
















