നിര്‍ഗുണതത്വമാണ് ആത്മാവ്. അത് ആത്മജ്ഞാനം കൊണ്ട് മാത്രമേ അനാവരണ ചെയ്യപ്പെടുകയുളളൂ. എന്നാല്‍ യഥാര്‍ത്ഥമായ ആത്മജ്ഞാനോദയതിനുമുമ്പ് തന്നെ സാധകന് തന്റെ സഹജഭാവം നശ്വരോപാധികളായ മനസ്സിനും അഹങ്കാരത്തിനും അതീതമാണെന്ന ബുദ്ധിപരമായ പൂര്‍ണവിശ്വാസത്തില്‍ അധിഷ്ഠിതനായി വര്‍ത്തിക്കാന്‍ കഴിയും. ഈ അവസ്ഥ നിശ്ചയാത്മകബുദ്ധിയായി അറിയപ്പെടുന്നു. പ്രാരാബ്ധം ദുരിതാനുഭവങ്ങളെ ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം പ്രജ്ഞയെ ദേഹാത്മകബുദ്ധിക്ക ഉപരി ചേര്‍ത്തി യാതൊരുവിധത്തിലും ചലിപ്പിക്കാനാവാത്ത ഈശ്വരവിശ്വാസത്തോടും ഭക്തിയോടും ധീരതയോടുംകൂടി അക്ഷോഭ്യരായും പ്രശാന്തരായും വര്‍ത്തിക്കണം. അതാണു നിശ്ചയാത്മക ബുദ്ധിയുടെ ലക്ഷണം.
നിങ്ങളുടെ പ്രശാന്തതയെ ഭഞ്ജിക്കാനും വിശ്വാസത്തെ ചലിപ്പിക്കുവാനും വേണ്ടി ദുഷിച്ച സാഹചര്യങ്ങളും നാസ്തികന്മാരും സമീപിക്കുമ്പോള്‍ നിങ്ങള്‍ സ്വീകരിച്ച മാര്‍ഗത്തിലും ഉത്തമവിശ്വാസത്തിലും അചഞ്ചലരായി ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എങ്കില്‍ അതാണു നിശ്ചയാത്മക ബുദ്ധി.
സത്യാനേ്വഷണത്തിനുവേണ്ടി ഒരാള്‍ തയ്യാറെടുക്കുന്നു. എന്നാല്‍ പരീക്ഷണങ്ങളും പ്രലോഭനങ്ങളും വന്നുചേരുമ്പോള്‍ അയാള്‍ സത്യത്തിനും ധര്‍മ്മത്തിനും കീഴടങ്ങുന്നു. ഇത് വ്യക്തമാക്കുന്നത് ഇച്ഛാശക്തിയുടെ ദൗര്‍ബല്യത്തോടെയാണ്. ഇച്ഛാശക്തിയുടെ ദൗര്‍ബല്യം നിശ്ചയാത്മകബുദ്ധിയുടെ അഭാവത്തെ പ്രകടമാക്കുന്നു. സംശയവും നിശ്ചയാത്മകത്വവും യഥാക്രമം ബുദ്ധിയുടെ ദൗര്‍ബല്യവും ബലവുമാണ്. പരസ്പരവിരുദ്ധങ്ങളായ രണ്ട് ശക്തി ഭാവങ്ങളാണവ. സംശയം വ്യാമോഹത്തിന്റെയും പ്രലോഭനത്തിന്റെയും പാപത്തിന്റെയും അത്യന്തികമായ വിനാശത്തിന്റെയും മണ്ഡലത്തിലേക്ക് നിങ്ങളെ വഴിച്ചിഴച്ചുകൊണ്ടുപോകുന്നു. എന്നാല്‍ നിശ്ചയാത്മകതയാകട്ടെ ജ്ഞാനത്തിന്റെയും സംയമത്തിന്റെയും മോഹരാഹിത്യത്തിന്റെയും പരിശുദ്ധിയുടെയും മണ്ഡലത്തിലേക്കുയര്‍ത്തുന്നു.
നിശ്ചയാത്മബുദ്ധിയും സുസ്ഥിരവുമായ ഈശ്വരവിശ്വാസവും സ്വായത്തമാകുന്നതുവരെ നിങ്ങള്‍ നാസ്തികരുമായുള്ള സംസര്‍ഗ്ഗം ഒഴിവാക്കിയേ പറ്റൂ. കാരണം അഗ്നിയാണ് വിറകിനെ ദഹിപ്പിക്കുന്നത്. അഗ്നി നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങിനെ മറ്റൊരിടത്ത് അഗ്നിയെ ജ്വലിപ്പിക്കാന്‍ കഴിയും? ഈശ്വര വിശ്വാസത്തിന്റെ തീനാളം നിങ്ങളില്‍ സുസ്ഥിരമായി ജ്വലിക്കട്ടെ.
– രമാദേവി
















