എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും;
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും;
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമന്നുമെടുപ്പിക്കരുതെന്നും,
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും
കര്‍മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍വന്നു പിറന്നതുമിത്രനാള്‍
പഴുതേതന്നെപോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും,
ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍
വന്നുകൂടും പുരുഷാര്‍ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
…. തുടരും
– പൂന്താനം
















