ബീജിങ്: ഗ്രാന്റ്സ്ലാം വിജയങ്ങളിലൂടെ ഏഷ്യയ്ക്ക് ലോക ടെന്നീസ് ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം നേടിക്കൊടുത്ത ചൈനീസ് വനിത താരം ന ലി കോര്‍ട്ടിനോട് വിടചൊല്ലി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ന ലിയെ വിരമിക്കല്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി ഏഴു മാസംമാത്രം പിന്നിടുമ്പോഴാണ് ലിയുടെ വിടവാങ്ങല്‍. രണ്ടു ഗ്രാന്റ് സ്ലാമുകള്‍ ഉള്‍പ്പെടെ 9 ട്രോഫികള്‍ ന ലി ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.
പോരാട്ടം അവസാനിപ്പിക്കാന്‍ എന്റെ ശരീരം എന്നോടു കേഴുന്നു. ഒരു പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയില്‍ കോര്‍ട്ടിന് ഉപേക്ഷിക്കാനുള്ള തീരുമാനമാണ് എനിക്കേറ്റവും നല്ലത്. ദീര്‍ഘകാലമായുള്ള പരിക്ക് പഴയതുപോലെ കളിക്കുന്നതില്‍ നിന്ന് എന്ന തടയുന്നു, മൈക്രോ ബ്ലോഗിങ് സൈറ്റായ സിന വൈബോയില്‍ ന ലി കുറിച്ചു. സ്വപ്നം കണ്ടതിലേറെ നേടി. രാജ്യത്തിനുവേണ്ടി മഹത്തായ നേട്ടങ്ങള്‍ സ്വന്തമാക്കാനായതില്‍ അഭിമാനമുണ്ടെന്നും ലി കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ ടെന്നീസിന് അതുല്യ സംഭാവനകള്‍ നല്‍കിയശേഷമാണ് 32 കാരിയായ ന ലിയുടെ പിന്‍വാങ്ങല്‍. വന്‍കരയെ ഏറെ സ്വാധീനിച്ച താരമായിരുന്നു അവര്‍. 2011 ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയ ലി ചരിത്രം സൃഷ്ടിച്ചു. ഗ്രാന്‍ഡ് സിംഗിള്‍സ് ട്രോഫി നേടുന്നു ആദ്യ ഏഷ്യന്‍ പ്രതിനിധി എന്ന പെരുമയും അതോടെ ലിയ്ക്ക് കൈവന്നു. ലിയുടെ വിജയം ലക്ഷക്കണക്കിന് ഏഷ്യക്കാരെയാണ് ടെന്നീസ് ആരാധനയിലേക്ക് വലിച്ചടിപ്പിച്ചത്. ഏഷ്യന്‍ വനിതാ താരങ്ങള്‍ക്കും ലി യുടെ നേട്ടം ഊര്‍ജം പകര്‍ന്നു. ഏഷ്യ കേന്ദ്രീകരിച്ച് പുതിയ ഡബ്ല്യുടിഎ ടൂര്‍ണമെന്റുകളുടെ ആരംഭത്തിനും വഴിമരുന്നിട്ടതും ആ ജയം തന്നെ.
ടൈം മാഗസിനില്‍ മുഖചിത്രം അച്ചടിച്ചുവന്നപ്പോള്‍ കളത്തിന് പുറത്തും ലി അംഗീകരിക്കപ്പെട്ടു. ഏറ്റവും പ്രതിഫലം പറ്റുന്ന വനിതാ കായിക താരങ്ങളുടെ ഫോര്‍ബ്സ് മാഗസിന് പട്ടികയില്‍ റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നതും മറ്റൊരു മഹത്വം. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചശേഷം ന ലിയെ പരിക്ക് നിരന്തരം വേട്ടയാടിയിരുന്നു. വിംബിള്‍ഡണില്‍ മൂന്നാം റൗണ്ടില്‍ പുറത്തായ താരം തുടര്‍ന്നങ്ങോട്ട് താളംവീണ്ടെടുത്തില്ല. ജൂലൈയില്‍, തനിക്കേറെ പ്രിയപ്പെട്ട കോച്ച് കാര്‍ലോസ് റോഡ്രിഗസ് വിട്ടുപോയതും ഫോമില്‍ തിരിച്ചെത്താമെന്ന ന ലിയുടെ മോഹങ്ങളെ പിന്നോട്ടടിച്ചു.
















